വൈദികരുമായി ബിഷപ് പാംപ്ലാനി വൈകീട്ട് 10 മണിയോടെ ചര്‍ച്ച നടത്തും
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ സംഘർഷം പരിഹരിക്കാൻ എറണാകുളം കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച വിജയകരമെന്ന് സൂചന. പൊലീസ് നടപടിയെടുത്ത 21 വൈദികരെയും ബിഷപ് ഹൗസിലേക്ക് തിരിച്ചു കയറ്റാൻ ചർച്ചയിൽ തീരുമാനമായി. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കലക്ടർ ഫോണിൽ സംസാരിച്ചു. ഫാദർ കുര്യാക്കോസ് മുണ്ടാടൻ, ഫാദർ സണ്ണി കളപ്പുരയ്ക്കൽ, ഫാദർ രാജൻ പുന്നയ്ക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കളക്ടർ എൻ.എസ്.കെ ഉമേഷ്, രണ്ട് കൂട്ടരുടെയും ഭാഗം മുഴുവനായി കേട്ടതായി അറിയിച്ചു. ബിഷപ്പ് രാത്രി എത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അതേസമയം കണ്ണൂരിലേക്ക് പോയ മാർ ജോസഫ് പാംപ്ലാനി ചർച്ചയിൽ പങ്കെടുക്കാനായി കൊച്ചിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെത്തിയ ശേഷം ഇന്ന് രാത്രി 10.30നു ബിഷപ്പ് ഹൗസിൽ ചർച്ച നടത്തും. രാത്രി നടക്കുന്ന ചർച്ചയിൽ 21 വൈദികരും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും മാത്രമായിരിക്കും ബിഷപ്പ് ഹൗസിനകത്തുണ്ടാവുക.
സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ബിഷപ് ഹൗസിനകത്ത് സമരം നടത്തിയിരുന്ന വൈദികരെ പൊലീസ് പുലര്‍ച്ചെ ബലമായി നീക്കം ചെയ്തതോടെ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പല തവണ പൊലീസും വൈദികരുമായി ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെയും വിമത വിഭാഗം കൈയ്യേറ്റം ചെയ്തു. സമരം രൂക്ഷമായതോടെ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് അതിനാടകീയമായി പൊലീസ് ബിഷപ്പ് ഹൗസിന് അകത്തേക്ക് കടന്നത്. സമരം ചെയ്തിരുന്ന 21 വൈദികരെയും വലിച്ച് പുറത്തിറക്കി. രൂപതാ നേതൃത്വത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ബസലിക്ക കേന്ദ്രീകരിച്ചുകൊണ്ട് വൈദികരും വിശ്വാസികളും സംഘടിച്ചതോടെ സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി.
ബിഷപ് ഹൗസില്‍ നിന്ന് നീക്കം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരെ ബിഷപ്പ് ഹൗസിലേക്ക് തന്നെ കൊണ്ടുപോകണം എന്ന് സമരക്കാര്‍ നിലപാടെടുത്തു. തര്‍ക്കം നീണ്ടതോടെ ഗെയ്റ്റ് പൊളിച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നാലെ സബ് കളക്ടറും ഡിസിപിയും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. 21 വൈദികരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ: കുർബാന തർക്കം; ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത ആറ് വിമത വൈദികർക്ക് സസ്പെൻഷൻ