മകരസംക്രമ ദിനത്തിൽ അയ്യപ്പൻ്റെ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകരസംക്രമ ദിനത്തിൽ അയ്യപ്പൻ്റെ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര 14 ന് സന്നിധാനത്ത് എത്തും.
പുലർച്ചെ നാലരയോടെ പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയ കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എഴുന്നള്ളിച്ചു. ഒരു മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്.
ഗുരുസ്വാമി കുളത്തുനാലിൽ ഗംഗാധര പിള്ളയാണ് ഇത്തവണയും പ്രധാന പേടകം ശിരസ്സിലേറ്റുന്നത്. 26 പേരടങ്ങുന്ന പേടകവാഹകർക്കൊപ്പം രാജ പ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ്മ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരും കാൽനടയായി ഘോഷയാത്രയ്‌ക്കൊപ്പമുണ്ട്. കുളനട, ആറന്മുള, അയിരൂർ, പുതിയകാവ്, ളാഹ, വലിയാനാവട്ടം, ചെറിയാനവട്ടം വഴി ചൊവ്വാഴ്ച സന്നിധാനത്ത് എത്തിച്ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡും അറിയിച്ചു.