നാളെ (തിങ്കളാഴ്ച) രാവിലെ ഒൻപത് മണിക്കാണ് അൻവർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നത്
നിലമ്പൂർ എംഎൽഎ പി.വി. അൻവർ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കുവാനുണ്ടെന്ന അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ നാളെ സ്പീക്കറെ കാണുമെന്ന് കൂടി അൻവർ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ അഭ്യൂഹങ്ങൾ ശക്തമായി.
നാളെ (തിങ്കളാഴ്ച) രാവിലെ ഒൻപത് മണിക്കാണ് അൻവർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു പിന്നാലെ 9.30ന് തിരുവനന്തപുരത്തെ ഹോട്ടൽ ദ ടെറസിൽ വെച്ച് വാർത്താസമ്മേളനം നടത്തും. ഇത് രാജി അറിയിക്കാനാണെന്നാണ് കണക്കാക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് രാജിയിലേക്കെന്ന അഭ്യൂഹം ബലപ്പെടുന്നത്.
Also Read: ഒടുവിൽ തീരുമാനമായി; പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ
കഴിഞ്ഞ ദിവസമാണ്, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിൻ്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പി.വി. അൻവർ ചുമതല ഏറ്റെടുത്തത്. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് അൻവറിൻ്റെ രാഷ്ട്രീയ പാർട്ടി പ്രവേശനത്തിൽ തീരുമാനമായത്. ആദ്യം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായിട്ടായിരുന്നു ചർച്ച. എന്നാൽ അത് ഫലം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഡിഎംകെ പ്രവേശനം തടഞ്ഞതെന്ന് ആരോപിച്ച അൻവർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നൊരു പ്രസ്ഥാനവും തുടങ്ങി. എന്നാൽ രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാൻ ഡിഎംകെയ്ക്ക് സാധിച്ചില്ല.
Also Read: വർഗീയത മുതല്‍ വികസനം വരെ; മോദി സർക്കാരിനെയും യുഡിഎഫിനെയും വിമർശിച്ച് പിണറായി വിജയന്‍
ഒടുവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന കേസിലാണ് അൻവറും ഡിഎംകെയും വാർത്തകളില്‍ നിറഞ്ഞത്. ആ കേസിൽ അൻവറിന് പതിനെട്ട് മണിക്കൂറോളം തവനൂർ ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നു. ജാമ്യം കിട്ടി പുറത്തുവന്ന അൻവർ യുഡിഎഫിലേക്കെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അനൗദ്യോഗിക ചർച്ചകൾ നടന്നതായി അൻവറും പറഞ്ഞു. യുഡിഎഫിലെ പ്രബലരായ മുസ്ലീം ലീഗിലെ പ്രധാന നേതാക്കളുമായും അന്‍വർ കൂടിക്കാഴ്ചയും നടത്തി. എന്നാൽ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയില്‍ അന്‍വറിന്‍റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു. തുടർന്നാണ് അൻവറിന്റെ തൃണമൂൽ പ്രവേശനം.
ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ അന്‍വർ ഉന്നയിച്ചിരുന്നത്. പരസ്യ പ്രതികരണങ്ങള്‍ തുടർന്നതിനു പിന്നാലെയാണ് അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി എല്‍ഡിഎഫ് അറിയിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്‍വർ ഉയർത്തിക്കൊണ്ട് വന്ന ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് കാരണമായത്.