കണ്ണൂർ ജില്ലയിൽ ചെങ്കൽ ഖനനം നടക്കുന്നത് പാർട്ടികൾ തമ്മിലുള്ള ഡീലിൻ്റെ ഭാഗമായാണെന്ന് ബിജെപി നേതാവ് പറഞ്ഞു
പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് ഡീൽ നടന്നെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ടായെന്നാണ് സുരേന്ദ്രൻ്റെ ആരോപണം. ബിജെപിയെ തോൽപ്പിക്കാനായി യാതൊരു മറയുമില്ലാതെ വോട്ട് മറിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ചെങ്കൽ ഖനനം നടക്കുന്നത് പാർട്ടികൾ തമ്മിലുള്ള ഡീലിൻ്റെ ഭാഗമായാണെന്ന് ബിജെപി നേതാവ് പറയുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും സിപിഎമ്മിനെതിരെ സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. സിപിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം ആണെങ്കിൽ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്നായിരുന്നു സുരേന്ദ്രൻ്റെ ചോദ്യം. ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയണം. നവീൻ്റെ കുടുംബത്തെ കൂടി സിപിഎം അവഹേളിക്കുകയാണോ എന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു.
കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് തനിക്ക് സഹതാപമാണെന്നും സുരേന്ദ്രൻ പറയുന്നു. ആട്ടും തുപ്പും ചവിട്ടും ഏറ്റ് അടിമയെ പോലെ എന്തിനാണ് കെ. മുരളീധരൻ
കോൺഗ്രസ്സിൽ തുടരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. സ്വന്തം അമ്മയെ അവഹേളിച്ച ആൾക്ക് വേണ്ടി അദ്ദേഹം വോട്ട് പിടിക്കുകയാണ്. മുരളീധരന് തകരാർ സംഭവിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുരളീധരന് ഓട്ട മുക്കാലിൻ്റെ വില പോലുമില്ലാത്ത അവസ്ഥയിലാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.