സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കാനുള്ള മാര്‍ഗമല്ല സകാത്തെന്നും സമൂഹം ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സമസ്ത വാര്‍ഷിക ജനറല്‍ ബോഡി പ്രമേയത്തില്‍ വ്യക്തമാക്കി.
സകാത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ചു കാന്തപുരം വിഭാഗം. സകാത്ത് സമാഹരിക്കാന്‍ കമ്മിറ്റിക്ക് അവകാശമില്ലെന്ന് സമസ്ത എപി വിഭാഗം വ്യക്തമാക്കി. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കാനുള്ള മാര്‍ഗമല്ല സകാത്തെന്നും സമൂഹം ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സമസ്ത വാര്‍ഷിക ജനറല്‍ ബോഡി പ്രമേയത്തില്‍ വ്യക്തമാക്കി.
കമ്മിറ്റികളിലൂടെ സകാത്ത് സമാഹരിക്കുന്നതും അവരെ സകാത്ത് ഏല്‍പിക്കുന്നതും ഇസ്ലാമികമല്ലെന്നായിരുന്നു ജനറൽ ബോഡിയിൽ ഉയർന്ന അഭിപ്രായം. ചിലര്‍ കമ്മറ്റികളുണ്ടാക്കി ജനങ്ങളുടെ സകാത്ത് പിരിച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുകയും പലിശ ഈടാക്കുകയും ചെയ്യുന്നു. അവകാശികള്‍ക്ക് കൈമാറുന്നതിന് പകരം കമ്മറ്റിയുടെ കൈവശം സൂക്ഷിക്കുന്നത് സകാത്തിന്റെ അവകാശം ഹനിക്കുന്ന നിലപാടാണ്. സകാത്ത് സ്ഥാപനങ്ങള്‍ക്കും മീഡിയകള്‍ക്കുമായി ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടെന്നും സമസ്ത എപി വിഭാഗം ചൂണ്ടിക്കാട്ടി.
ALSO READ: മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി
സംഘടിത സകാത്ത് ഇസ്ലാമികമല്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തു സകാത്ത് പദ്ധതിയെചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്. ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുതെന്നും സകാത്ത് എന്ന സൽകർമം കൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് നീക്കമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
"ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുത്. അതിൽ ആരും പെട്ടുപോകരുത്. ഇപ്പോൾ സംഘടിത സകാത്തുമായി ഒരു കൂട്ടർ വരികയാണ്. നിസ്കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവർ. അവസാനം സകാത്ത് എന്ന സൽകർമം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുകൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അവർ മുതലാളിമാരെ കബളിപ്പിച്ചാണ് സംഘടിത സകാത്ത് നടപ്പാക്കാൻ പോകുന്നത്. ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് അവർ നീക്കം നടത്തുന്നത്," കാന്തപുരം വിമർശിച്ചു.