തോമസ് കെ. തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും എ.കെ. ശശീന്ദ്രൻ ചോദിച്ചു
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ. തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും എ.കെ. ശശീന്ദ്രൻ ചോദിച്ചു.
"പി.സി. ചാക്കോ സ്വമേധയാ രാജിവെച്ചതാണ്. അദ്ദേഹത്തിൻ്റേത് പെട്ടെന്നെടുത്ത തീരുമാനമാണ്. അത് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോ? എൻ്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പാർട്ടിയെ ലംഘിക്കുന്ന ഒരു നിലപാടും ഞാൻ സ്വീകരിക്കില്ല. ഞാൻ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ പരാജയപ്പെട്ടിട്ടില്ല. എനിക്ക് പാർട്ടി പ്രവർത്തകരോട് വിശ്വാസമുണ്ട്. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വവും ഉണ്ടാകില്ല," എ.കെ. ശശീന്ദ്രൻ വിശദീകരിച്ചു.
പി.സി. ചാക്കോയുടേത് പെട്ടെന്നുള്ള രാജിയാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാമായിരുന്നു എന്നും തോമസ് കെ. തോമസ് എംഎൽഎ പറഞ്ഞു. "പി.സി. ചാക്കോയുടെ രാജി എന്നെ ഞെട്ടിച്ചു. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ നോമിനേറ്റ് ചെയ്യാതെയാണ് അദ്ദേഹം രാജിവെച്ചത്. ആരുമായും അദ്ദേഹം ചർച്ച ചെയ്തിരുന്നില്ല. പെട്ടെന്ന് ഒരു തീരുമാനം പാടില്ലായിരുന്നു. അടുത്ത അധ്യക്ഷനാരെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം ഉടൻ ഉണ്ടാകും. ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ തയ്യാറാകും," തോമസ് കെ. തോമസ് വ്യക്തമാക്കി.
ALSO READ: പി.സി. ചാക്കോയ്ക്കെതിരെ നേതാക്കൾ; എൻസിപിയിൽ പുതിയ പടനീക്കം
അതേസമയം, എൻസിപിയിലെ ഗ്രൂപ്പ് തർക്കം തുടരുന്നതിനിടെ പുതിയ പ്രസിഡൻ്റിനായി നേതാക്കൾ കരുനീക്കം ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്. പി.സി. ചാക്കോയും എ.കെ. ശശീന്ദ്രനും പുതിയ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തങ്ങളുടെ അടുപ്പക്കാരെ കൊണ്ടുവരാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം. സുരേഷ് ബാബുവിനേയോ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജനെയോ പുതിയ പ്രസിഡൻ്റ് ആക്കണമെന്ന് പി.സി. ചാക്കോ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം തോമസ് കെ. തോമസിനെ പ്രസിഡൻ്റ് ആക്കണമെന്നാണ് എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.