ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേൽ കമല, ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിയോട് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് പുഴയിലേക്ക് തല കീഴായി മറിയുകയായിരുന്നു. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന ഉടനെ നാട്ടുകാർ നടത്തിയ ഇടപ്പെടലാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. ആദ്യം പുറത്തെടുത്തവരെ സ്വകാര്യ വാഹനങ്ങളിൽ നാട്ടുകാർ ആശുപതിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും ആശുപതിയിൽ എത്തിച്ചു. ബസിന്‍റെ മുൻഭാഗം പൂര്‍ണമായും പുഴയിൽ മുങ്ങിപോയിരുന്നു.
ALSO READ: മൂവാറ്റുപുഴയിലെ അസം സ്വദേശിയുടേത് കൊലപാതകം: മൃതദേഹം കണ്ടെത്തിയത് വാടകവീട്ടിൽ നിന്നും
കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാലത്തിൻ്റെ ശോച്യാവസ്ഥ ക്രയിൻ എത്തിച്ച് ബസ് ഉയർത്താനുള്ള നടപടി കൂടുതൽ ശ്രമകരമാക്കി. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെ ലിസ ആശുപത്രിയിലേക്കും ഓമശ്ശേരി ശാന്തി ആശുപതിയിലേക്കും, മുക്കം കെഎംസിറ്റിയിലേക്കും മാറ്റി.