സംഘർഷത്തെ തുടർന്ന് നിർത്തിവച്ച കലോത്സവം പുനരാരംഭിച്ചതിന് പിന്നാലെ അഷ്റഫ് കലോത്സവ വേദിയിലെത്തിയിരുന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി - സോൺ കലോത്സവത്തിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ചുവെന്ന ആരോപണവുമായി കെഎസ്‌യു പ്രവർത്തകർ. എസ്എഫ്ഐ പ്രവർത്തകൻ അഷ്റഫിനെയാണ് പൊലീസ് സഹായിച്ചത്. കെഎസ്‌യു പ്രവർത്തകരെ മർദ്ച്ച കേസിലെ പ്രതിയാണ് അഷ്റഫ്.
സംഘർഷത്തെ തുടർന്ന് നിർത്തിവച്ച കലോത്സവം പുനരാരംഭിച്ചതിന് പിന്നാലെ അഷ്റഫ് കലോത്സവ വേദിയിലെത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രതിയെ കെഎസ്‌യു പ്രവർത്തകർ കാട്ടിക്കൊടുത്തെങ്കിലും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെഎസ്‌യു പ്രവർത്തകർ പറയുന്നു.
സംഘർഷമുണ്ടായതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് അഷ്റഫ് ഓടി രക്ഷപ്പെട്ടത്. അഷ്റഫ് പൊലീസിന് മുന്നിൽ നിൽക്കുന്നതും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തിൽ പ്രതിഷേധത്തിലാണ് കെഎസ്‌യു പ്രവർത്തകർ.
ജനുവരി 28 നാണ് കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരഫലം ചോദ്യം ചെയ്തതോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി ലാത്തി വീശി. ഇതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നത്.