വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്താണെന്ന ചോദ്യമാണ് കെആർഎല്‍സിസി ഉയർത്തുന്നത്
സർക്കാരിനും വഖഫ് ബോർഡിനുമെതിരെ ലത്തീൻ കത്തോലിക്ക സഭ. മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രിബ്യൂണലിന്‍റെ നടപടികളെ തടസപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്‍റെ ശ്രമങ്ങള്‍ സംശയകരമാണെന്നാണ് ആരോപണം. ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രിബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടും സംശയകരമാണെന്നാണ് കേരള റീജിയണല്‍ ലത്തീന്‍ കത്തോലിക്ക് കൗണ്‍സിലിന്‍റെ (കെആർഎല്‍സിസി) പ്രസ്താവന.
വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്താണെന്ന ചോദ്യമാണ് കെആർഎല്‍സിസി ഉയർത്തുന്നത്. മന്ത്രി അബ്ദുള്‍ റഹ്മാന്റെ നിലപാടുകള്‍ തുടക്കം മുതലെ മുനമ്പം നിവാസികള്‍ക്കെതിരാണ്. ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി പ്രശ്‌നപരിഹാരത്തിന് തടസം നില്‍ക്കുന്നതും വൈകിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധകരമാണെന്നും കെആര്‍എല്‍സിസി പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, വഖഫ് നിയമഭേദഗതി വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിതുറക്കുന്നതാണെന്ന് ലത്തീൻ സഭാ മുഖപത്രം ജീവനാദം മുഖപ്രസംഗം എഴുതി. മുനമ്പം ഭൂമി പ്രശ്നം ക്രൈസ്തവ- മുസ്ലീം സാമുദായിക സംഘർഷ വിഷയമാക്കാൻ ചിലർ ശ്രമിക്കുന്നതായും ഇതിനെ കരുതലോടെ കാണണമെന്നും എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു. നിയമ ഭേദഗതി അനിവാര്യമാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമുള്ള കെസിബിസി ആഹ്വാനത്തെ തള്ളുന്നതാണ് ലത്തീൻ സഭയുടെ നിലപാട്.
Also Read: 'വഖഫ് സമരവും മുസ്ലീം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധം?' ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ.ടി. ജലീല്‍
വഖഫ് നിയമഭേദഗതിയിൽ ലത്തീൻ സഭയുടെ നിലപാട് വ്യക്തമാക്കുന്നതാണ് 'ഉമ്മീദിലെ നിയ്യത്ത്' എന്ന പേരിൽ എഴുതിയ മുഖപ്രസംഗം. വഖഫ് നിയമഭേദഗതിയെ കണ്ണടച്ച് പിന്തുണയ്ക്കുന്നതിനെ ചോദ്യം ചെയ്യുന്ന ലേഖനം നിയമത്തിലെ അവ്യക്തതയും രാഷ്ട്രീയ മുതലെടുപ്പും അടിവരയിട്ട് ചൂണ്ടികാട്ടുന്നു. വിദ്വേഷ പ്രചരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. മുനമ്പത്തെ യഥാർത്ഥ ഭൂ-ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനോടൊപ്പം രേഖകൾ ഇല്ലാത്ത കൈയ്യേറ്റക്കാർ ഉണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാർ പരിശോധിക്കണം. ജെപിസി റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ലെന്നതും നിയമത്തിനു മുൻകാല പ്രാബല്യം ഇല്ലെന്നത് കേന്ദ്ര മന്ത്രിമാർ തന്നെ വ്യക്തമാക്കിയതും ജീവനാദം തുറന്ന് കാട്ടുന്നുണ്ട്.