ഇന്നലെ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജസ്റ്റിസ് പെരുമാറി എന്ന് പരാതി ഉയർന്നിരുന്നു
വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തെ തുടർന്ന് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ അഭിഭാഷകർ തടിച്ചുകൂടി. ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീനെതിരെയാണ് പ്രതിഷേധം. ജസ്റ്റിസ് ബദറുദ്ദീൻ കോടതിയിൽ മാപ്പ് പറയണം എന്നാണ് അഭിഭാഷകരുടെ ആവശ്യം. ജസ്റ്റിസ് ബദറുദ്ദീൻ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അഡ്വക്കേറ്റ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജസ്റ്റിസ് പെരുമാറി എന്ന് പരാതി ഉയർന്നിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകനായ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഒരു കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ കോടതിയിലാണ് എത്തിയത്. കേസില്‍ ഭർത്താവിന് പകരം ഹാജരായ വനിതാ അഭിഭാഷകയെ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് പരാതി. കോടതി മുറിയിൽ ജസ്റ്റിസ് ബദറുദ്ദീൻ ഇതുവരെ എത്തിയിട്ടില്ല. മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് ജസ്റ്റിസിന്റെ നിലപാട്. അഭിഭാഷകർ ബഹിഷ്ക്കരണം തുടർന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിറ്റിങ് ഒഴിവാക്കിയിട്ടുണ്ട്. ഉച്ചവരെയുള്ള സിറ്റിങ്ങാണ് ഒഴിവാക്കിയത്. ഉച്ചയ്ക്ക് ശേഷം കമ്മിറ്റി യോഗം ചേരും എന്നും അഡ്വക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയിച്ചു.
Also Read: അധികാര തുടർച്ചയെന്ന് പറഞ്ഞാൽ പോര, അതിനായി പ്രവർത്തിക്കണം: ജി. സുധാകരന്‍