ശരിക്കും ആരാണ് ലൂസിഫര്‍? ചെകുത്താനോ, ദൈവ പുത്രനോ അതോ ഇത് രണ്ടുമോ?
ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമില്‍ അവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരേയുള്ളൂ... ലൂസിഫര്‍.
ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധനന്‍ പറയുന്ന ഡയലോഗ്. പികെആര്‍ എന്ന വന്‍മരം വീണ ശേഷം, ഇനി ആരെന്ന ചോദ്യത്തിലേക്ക് മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ പ്രതിഷ്ഠിക്കുന്ന വാക്കുകള്‍. ശരിക്കും ആരാണ് ലൂസിഫര്‍? ചെകുത്താനോ, ദൈവ പുത്രനോ അതോ ഇത് രണ്ടുമോ?
ലൂസിഫര്‍... ഹീബ്രുവില്‍ ഹെലേല്‍.. അര്‍ത്ഥം അരുണോദയ നക്ഷത്രം. ക്രിസ്ത്യാനികള്‍ക്ക് ബൈബിളിലിലാണ് ലൂസിഫറിനെ പരിചയം. പഴയ നിയമത്തിലെ യെഹസ്കേലിന്റെ പുസ്തകം 28ാം അധ്യായം 15-ാം വാക്യത്തില്‍, നിന്നെ സൃഷ്ടിച്ച നാള്‍ മുതല്‍ നിങ്കല്‍ നീതികേട് കണ്ടതുവരെ നീ നടപ്പില്‍ നിഷ്ക്കളങ്കനായിരുന്നു... എന്നാണ് ലൂസിഫറിന്റെ ഇന്‍ട്രോ. മലാഖാവൃന്ദത്തിലെ ഏറ്റവും ഉന്നത വര്‍ഗമായ കെരൂബുകളിലെ പ്രധാനി. സൗന്ദര്യത്തിലും, പ്രഭയിലും, ജ്ഞാനത്തിലും അഭിരമിച്ച് അഹങ്കാരിയായി മാറിയ മലാഖ. പഴയ നിയമത്തിലെ തന്നെ യെശയ്യാ പ്രവചനത്തിലേക്ക് എത്തുമ്പോള്‍, ലൂസിഫറിന്റെ വീഴ്ചയുടെ കാരണം കണ്ടെത്താം. 14-ാം അധ്യായം 12 മുതലുള്ള വാക്യം. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്ന് വീണു, ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു എന്നാണ് ചോദ്യം. ഞാന്‍ സ്വര്‍ഗത്തില്‍ കയറും, എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വെക്കും എന്നു തുടങ്ങി മേഘോന്നതങ്ങള്‍ക്കു മീതെ കയറി, അത്യുന്നതനോട് സമനാകും എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത് എന്നിങ്ങനെ പോകുന്നു മറുപടി. സ്വര്‍ഗം തള്ളിയ ലൂസിഫര്‍ അന്ന് മുതല്‍ ഭൂമിയിലാണ്. അവിടെ സാത്താന്റെ പരിവേഷമാണ് ലൂസിഫര്‍. ഉല്പത്തി പുസ്തകത്തില്‍ ആദത്തിനും ഹവ്വയ്ക്കും സ്വര്‍ഗം നഷ്ടപ്പെടാന്‍ കാരണം സാത്താനാണ്. അവിടെ സര്‍പ്പമായി എത്തിയത് സാത്താനാണെന്നാണ് വിവക്ഷ. സ്വര്‍ഗത്തില്‍ നിന്നിറക്കപ്പെട്ടെങ്കിലും, ദൈവ സന്നിധിയില്‍ദൈവപുത്രന്മാര്‍ക്കൊപ്പം സാത്താനെയും കാണുന്നതായി ഈയോബിന്റെയും, സെഖര്യായുടെയും പുസ്തകങ്ങളില്‍ കാണാം. ദൈവത്തെപ്പോലെ ആരാധിക്കപ്പെടാന്‍ യോഗ്യനാണെന്നാണ് ലൂസിഫറിന്റെ ബോധ്യം. അതിനായി മനുഷ്യരെ തന്റെ കീഴിലാക്കുകയാണ് ലക്ഷ്യം. പുതിയ നിയമ പുസ്തകമായ മത്തായി സുവിശേഷത്തിലെത്തുമ്പോള്‍, ദൈവപുത്രനായ യേശുവിനോടും തന്നെ ആരാധിക്കാന്‍ സാത്താന്‍ പറയുന്നതായി കാണാം.
നന്മയുടെയും തിന്മയുടെയും നിറം പടര്‍ന്ന കഥകളിലൊക്കെ ലൂസിഫറിന് സ്ഥാനമുണ്ട്. മതപരമായ തെറ്റുകളും ശരികളുമൊക്കെ പിറവിയെടുത്തപ്പോള്‍, തെറ്റില്‍നിന്നും പാപങ്ങളില്‍ നിന്നുമൊക്കെ ആളുകളെ പിന്തിരിപ്പിക്കാന്‍ പറഞ്ഞ കഥകളിലെ നായകന്‍ ലൂസിഫറായിരുന്നു. കാലാന്തരത്തില്‍ അതിന് പുതിയ നരേറ്റീവുകള്‍ ഉണ്ടായി. 1300കളില്‍ ദാന്തെ അലിഘീരി എഴുതിയ ഡിവൈന്‍ കോമഡിയില്‍ ലൂസിഫറിനെ പരാര്‍ശിക്കുന്നുണ്ട്. നരകത്തിന്റെ വളരെ ഇടുങ്ങിയ അടിഭാഗത്ത്, ഉറഞ്ഞ മഞ്ഞില്‍ അരയോളം മുങ്ങിനില്‍ക്കുന്ന ഭീമാകാരനായ ലൂസിഫര്‍. അയാൾ വലിയ ചിറകുകൾ അടിച്ചുകൊണ്ടിരുന്നു. തലയിൽ മൂന്നു മുഖങ്ങള്‍, കണ്ണുകളിൽ നിന്ന് ഖനീഭവിച്ച രക്തം കണ്ണീരായി ഒഴുകുന്ന കഥാപാത്രമാണ് ലൂസിഫര്‍. 1667ല്‍ ജോണ്‍ മില്‍ട്ടണ്‍ രചിച്ച പാരഡൈസ് ലോസ്റ്റ് എന്ന ഇതിഹാസ കാവ്യത്തില്‍, ദൈവത്താലും ദൈവപുത്രന്മാരാലും കീഴ്പ്പെടുത്തപ്പെടാന്‍ ആഗ്രഹിക്കാത്തവനാണ് ലൂസിഫര്‍. എല്ലാ മാലാഖമാരും സ്വയം പിറവിയെടുത്തവരാണെന്ന് വിശ്വസിച്ചുകൊണ്ട്, ദൈവിക സൃഷ്ടി എന്ന ആശയത്തെ എതിര്‍ക്കുന്നു. സ്രഷ്ടാവെന്ന ദൈവത്തിന്റെ അധികാരത്തെ നിരാകരിച്ചുകൊണ്ട് മറ്റൊരു തരത്തിലൊരു ഹീറോയിസമാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. ഒരു പക്ഷേ, ഒരു റിബല്‍.
ഗോയ്ഥെയുടെ ഫൗസ്റ്റില്‍ മനുഷ്യാത്മാക്കളെ വില പേശി വാങ്ങുന്ന സാത്താനെ കാണാം. കോട്ടയം പുഷ്പനാഥും ലൂസിഫര്‍ എന്ന പേരിലൊരു നോവല്‍ എഴുതിയിട്ടുണ്ട്. പക്ഷേ, അതിന് ബൈബിളിലെ ലൂസിഫറുമായി ബന്ധമില്ല. 2014ല്‍ പ്രസിദ്ധീകരിച്ച നീല്‍ ഗെയ്മാന്റെ ദി സാന്‍ഡ് മാന്‍ എന്ന കോമിക്കില്‍, ലൂസിഫര്‍ ആളൊരു പരിഷ്കാരിയാണ്. മനുഷ്യര്‍ തന്നെ പിശാചായി കാണുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്, എല്ലാക്കാലത്തേക്കും നരകം ഭരിക്കേണ്ടിവന്നതിന്റെ അമര്‍ഷത്തില്‍ നരക കവാടം പൂട്ടുന്ന ലൂസിഫറിനെ കാണാം. നരകാധിപതി ജീവിതം മടുത്ത ലൂസിഫര്‍ നൈറ്റ് ക്ലബ് തുടങ്ങുന്നതും, കേസ് അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നതുമൊക്കെയായി രസകരമായിരുന്നു ആ നരേഷന്‍. 2016ല്‍ ലൂസിഫര്‍ എന്ന പേരില്‍ അത് പരമ്പരയുമായി.
ഇത്തരത്തില്‍ നരേറ്റീവുകള്‍ മാറി മാറി വന്നപ്പോള്‍, സാത്താനും പിശാചുമായ ലൂസിഫറിന് കിട്ടിയത് പുതിയൊരു പ്രതിശ്ചായയാണ്. വ്യവസ്ഥിതികളോട് കലഹിച്ച കഥാപാത്രമായി ലൂസിഫര്‍ മാറി. എല്ലാം ദൈവസൃഷ്ടിയാണെന്ന വാദത്തെ ചോദ്യം ചെയ്തുകൊണ്ട്, ഈശ്വരവാദത്തിന്റെ അന്ധതയെ പൊളിച്ചെഴുതിയ അവതാരം. സ്വന്തം ശേഷിയിലും കഴിവുകളിലുമുള്ള ബോധ്യമാണ് ലൂസിഫറെ ദൈവത്തിന് സമനാകാന്‍ പ്രേരിപ്പിച്ചത്. അല്ലാതെ, അയാള്‍ പൂര്‍ണമായും തെറ്റുകാരന്‍ അല്ല. അങ്ങനെ ലൂസിഫര്‍ ദൈവവിരോധിയും, വിപ്ലവകാരിയും, റിബലുമൊക്കെയായി മാറുന്നു. ലൂസിഫറിന്റെ പോരാട്ടമത്രയും ദൈവരാജ്യ സങ്കല്‍പ്പങ്ങള്‍ക്കും, വ്യവസ്ഥിതിക്കും എതിരാണ്. അതിലെ ശരിതെറ്റുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലൂസിഫറിന്റെ പോരാട്ടങ്ങളില്‍ മനുഷ്യരോ മനുഷ്യവംശമോ ഒരിക്കല്‍പ്പോലും ശത്രുപക്ഷത്തു വരുന്നുമില്ല. അത് തന്നെയാണ് ലൂസിഫറിലും, എമ്പുരാനിലുമായി പൃഥ്വിരാജും പറഞ്ഞുവെക്കുന്നത്.
ഈ നാടിനെ പത്തിവിരിച്ച് കാക്കാനും ഒറ്റ കൊത്തിന് തീര്‍ക്കാനും ശേഷിയുള്ള രാജവെമ്പാല. ഡൂബിയസ് റെക്കോഡുള്ള സ്റ്റീഫന്‍ നെടുമ്പള്ളി. ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമില്‍ അവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരേയുള്ളൂ.. ലൂസിഫര്‍ എന്ന ഗോവര്‍ദ്ധന്റെ ഡയലോഗിനിപ്പുറമാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ. ഖുറേഷി അബ്രാം ഗ്യാങ്ങ് എന്ന, ലോകമെങ്ങും നെറ്റ്‌വര്‍ക്കുള്ള സംഘത്തിന്റെ അധിപനാണ് കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി അവതരിക്കുന്നത്. യുദ്ധം നന്മയും നന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിലാണെന്നും, ദിസ് ഡീല്‍ ഈസ് വിത്ത് എ ഡെവിള്‍ എന്നുമൊക്കെ പറഞ്ഞ്, ആ ഗ്രേ ഷെയ്ഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സ്റ്റീഫന്റെ പോരാട്ടം. ലൂസിഫറില്‍ പികെആറിന്റെ മരണശേഷം, അധികാരം എത്തുന്നത് ടോവിനോ തോമസിന്റെ ജതിന്‍ രാംദാസിലേക്കാണ്. ദൈവപുത്രന്‍ എന്നാണ് ജതിന് ലഭിക്കുന്ന വിശേഷണം. കേരളത്തിന്റെ ഭരണം ജതിനെ ഏല്‍പ്പിച്ചിട്ട് പോകുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലാണ് ലൂസിഫര്‍ അവസാനിക്കുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് പറയുമ്പോള്‍, ഫാസിലിന്റെ അച്ചന്‍ കഥാപാത്രം, സ്റ്റീഫനോട് കുമ്പസാരിക്കാന്‍ പറയുന്നുണ്ട്. എന്നാല്‍, ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദര്‍ കുമ്പസാരിക്കാന്‍ പറ്റൂ... ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ... എന്നാണ് സ്റ്റീഫന്റെ മറുപടി. ദൈവീകമായ യാതൊരു അധികാരത്തിനും കീഴ്പ്പെടാത്ത ലൂസിഫറിന്റെ തനി സ്വഭാവം.
എമ്പുരാനിലേക്കെത്തുമ്പോള്‍, ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍, സ്റ്റീഫനോട് മടങ്ങി വരാന്‍ ആവശ്യപ്പെടുന്ന ശബ്ദം ഗോവര്‍ദ്ധനന്റേതാണ്. ദൈവ പുത്രന്‍ തെറ്റ് ചെയ്യുമ്പോള്‍, ചെകുത്താനെയല്ലാതെ വേറെ ആരെയാണ് ആശ്രയിക്കുക എന്നാണ് ഖുറേഷി അബ്രാം പറയുന്നത്. മനുഷ്യന് മുകളില്‍ ഒരു രക്ത ബന്ധത്തിലും വിലയുണ്ടെന്ന് കരുതുന്നില്ലെന്ന മജ്ഞു വാര്യരുടെ പ്രിയദര്‍ശിനി രാംദാസ് പറയുമ്പോള്‍, ഇക്കുറി സ്റ്റീഫന്റെ പോരാട്ടം ആര്‍ക്കെതിരെ ആണെന്നും വ്യക്തമാകുന്നു. എല്ലാത്തിനും മേലെയാണ്, ട്രെയിലറിലെ ഫാസിലിന്റെ അച്ചന്‍ കഥാപാത്രത്തിന്റെ ഡയലോഗ്. പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാന്‍. ബിബ്ലിക്കലായി ചിന്തിച്ചാല്‍, പിതാവ് എന്നാല്‍ ദൈവമായ യഹോവ, പുത്രന്‍ യേശു ക്രിസ്തു. അപ്പോള്‍, അതിനൊപ്പം നില്‍ക്കുന്നവന്‍. അതാണ് ഇരുട്ടിന്റെ പൂവായി എമ്പുരാനില്‍ നിറയുന്ന ലൂസിഫര്‍, തമോഗോളങ്ങളുടെ എമ്പുരാന്‍. ദൈവപുത്രന്മാരുടെ ശരിതെറ്റുകള്‍ക്ക് വിധിയെഴുതാന്‍ വീണ്ടും വരുന്നു. Yes, Stephen is coming back as Lucifer to save God's own country.