"അന്നവും, വസ്ത്രവും ഉൾപ്പെടെ നൽകുന്നതാരോ അവരാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നത് സിപിഐഎം ആണ്", എം. വി. ജയരാജൻ പറഞ്ഞു
കണ്ണൂരിൽ സിപിഐഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ് വെച്ചതിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ. ദൈവം എന്ന ഒന്നുണ്ടെങ്കിൽ അത് സിപിഐഎം ആണെന്നാണ് എം. വി. ജയരാജൻ്റെ പ്രതികരണം. ശ്രീ നാരായണ ഗുരുവിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു എം. വി. ജയരാജൻ്റെ പ്രതികരണം. "അന്നവും, വസ്ത്രവും ഉൾപ്പെടെ നൽകുന്നതാരോ അവരാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നത് സിപിഐഎം ആണ്", എം. വി. ജയരാജൻ പറഞ്ഞു.
ആർ വി മെട്ട കക്കോത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് പി. ജയരാജനെ പുകഴ്ത്തി കൊണ്ട് വീണ്ടും ഫ്ലക്സ് ബോർഡ് ഉയർന്നത്. റെഡ് യങ്സ് കക്കോത്ത്' എന്ന പേരിലാണ് ബോർഡ്. പി. ജയരാനെ ചുരുക്കപേരായ 'പി.ജെ' എന്ന് വിളിച്ചാണ് ഫ്ലക്സിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.
ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നാണ് ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. വ്യക്തിപൂജക്കെതിരെയുള്ള പാർട്ടി നിർദേശം ലംഘിച്ചാണ് ഫ്ലക് ഉയർന്നത്.
പി. ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദങ്ങൾ നേരത്തേയും ഉയർന്നിരുന്നു. പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം പാർട്ടിക്കകത്ത് നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ല മുൻ പ്രസിഡൻ്റ് മനു തോമസും പി. ജയരാജനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ വ്യക്തി പൂജയും വ്യക്തി ആരാധനയും ഇപ്പോഴും നടക്കുന്നുണ്ടെന്നും, വ്യക്തി പൂജ പാടില്ലെന്ന് പാർട്ടി കർശന നിലപാടെടുത്തപ്പോൾ പി. ജയരാജൻ്റെ 'പിജെ ആർമി' മാറി 'റെഡ് ആർമി' ആയി എന്നു മാത്രമേ ഉള്ളൂ എന്നായിരുന്നു മനു തോമസിൻ്റെ ആരോപണം.ഇതിനുപിന്നാലെയാണ് പി. ജയരാജനെ പുകഴ്ത്തികൊണ്ട് വീണ്ടും ഫ്ളക്സ് ബോർഡുകൾ ഉയർന്നത്.