2024 അവസാനിക്കുമ്പോൾ, ലോകത്തെ പിടിച്ചുലച്ച പ്രധാന സംഭവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
ലോകത്തിൽ ധാരാളം സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വർഷമായിരുന്നു 2024. പശ്ചിമേഷ്യയിലെയും, യുക്രെയ്നിലെയും യുദ്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ, തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയ അട്ടിമറികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങി ലോകം ഉറ്റുനോക്കിയ നിരവധി സംഭവവികാസങ്ങൾ ആണ് ആഗോളത്തലത്തിൽ അരങ്ങേറിയത്. 2024 അവസാനിക്കുമ്പോൾ, ലോകത്തെ പിടിച്ചുലച്ച പ്രധാന സംഭവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
തെരഞ്ഞെടുപ്പുകളുടെ വർഷം
ലോകത്ത് തന്നെ ധാരാളം തെരഞ്ഞെടുപ്പുകൾ നടന്ന വർഷമായിരുന്നു ഇത്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാത്രമല്ല ലോകം ആകാംഷയോടെ കാത്തിരുന്ന നിരവധി തെരഞ്ഞെടുപ്പുകൾക്കാണ് 2024 സാക്ഷ്യം വഹിച്ചത്. യുകെയിലെ പൊതു തെരഞ്ഞെടുപ്പ്, മെക്സിക്കോയിലെ തെരഞ്ഞടുപ്പ്, ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി തെരഞ്ഞെടുപ്പുകളാണ് ഈ വർഷം നടന്നത്. എങ്കിലും ഡൊണാൾഡ് ട്രംപിൻ്റെ തിരിച്ചുവരവിൻ്റെ വർഷമായാകും 2024 ഓർമ്മിക്കപ്പെടുക. വധശ്രമങ്ങളെയും, ക്രിമിനൽ കേസുകളുടെ പരമ്പരകളെ തന്നെയും നേരിട്ടാണ് അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പന്ത്രണ്ട് വർഷത്തിന് ശേഷം ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലെത്തിയതും ഈ വർഷമായിരുന്നു. ടോണി ബ്ലെയറിന് ശേഷം ഏറ്റവും തിളക്കമുള്ള വിജയത്തോടെയാണ് കെയ്ർ സ്റ്റാർമർ ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ചത്. പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് വെറും ഒൻപത് കൊല്ലം പിന്നിടുമ്പോഴാണ് സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്.
സകല രാഷ്ട്രീയ പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ഇടതുസ്ഥാനാർഥി അനുര കുമാര ദിസനായകെ അധികാരത്തിലെത്തുന്നത്. ശ്രീലങ്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് അധികാരത്തിലെത്തുന്നതും ആദ്യമായാണ്. മാർക്സിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ജനത വിമുക്തി പെരമുനയുടെ (ജെവിപി) നേതാവാണ് ദിസനായകെ.
വീണ്ടും റഷ്യയുടെ പ്രസിഡന്റായി പുടിൻ
റഷ്യ-യുക്രെയ്ൻ യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും റഷ്യയുടെ പ്രസിഡന്റ് ആയി വ്ളാഡിമിർ പുടിൻ അധികാരം ഉറപ്പിച്ചതും ഇതേ വർഷമാണ്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 87 ശതമാനവും നേടിയാണ് പുടിൻ അതികാരമുറപ്പിച്ചത്. നിലവിലെ ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ പുടിൻ ജോസഫ് സ്റ്റാലിനെ പിന്നിലാക്കും.
പുടിന്റെ ഉത്തരകൊറിയ സന്ദർശനം
24 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഉത്തര കൊറിയയിലെത്തിയത്. യുഎസിൻറെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മറികടക്കാൻ ഇരു രാജ്യങ്ങളും കൂട്ടായി പ്രയ്തനിക്കുമെന്ന് പുടിൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഉത്തര കൊറിയയിലെത്തുന്നത്. പുടിൻ്റെ സന്ദർശനത്തിന് ശേഷം ഉത്തരകൊറിയൻ സൈനികർ യുക്രെയിനെതിരെ റഷ്യൻ സൈന്യവുമായി കൈകോർത്തതായാണ് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധത്തിൻ്റെ 1,000 ദിവസം
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം 1000 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. നാറ്റോ സൈനിക സഖ്യത്തിൽ യുക്രെയ്ൻ ചേരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്. നിരവധി മനുഷ്യരാണ് ഇരുഭാഗത്തും മരിച്ചു വീണത്. പട്ടിണി, അനാഥത്വം, രാഷ്ട്രീയ അരക്ഷിതാവസ്ഥ, സാമ്പത്തിക വെല്ലുവിളികൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളിൽ രാജ്യം നട്ടം തിരിയുമ്പോഴും യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം കൂടുതൽ ആയുധങ്ങൾ നൽകി ലോകരാജ്യങ്ങൾ ഇരു രാജ്യങ്ങളെയും സഹായിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2024 ആഗസ്റ്റ് വരെ 11,743 പേരാണ് യുദ്ധത്തിൽ മരിച്ചത്. 24,600 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ ഇതുവരെ 589 കുട്ടികൾ മരിച്ചതായാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ അധികവും സൈനികരാണ് എന്നാണ് റിപ്പോർട്ടുകൾ. എത്ര സൈനികർ കൊല്ലപ്പെട്ടന്ന യഥാർഥ കണക്ക് രണ്ടു രാജ്യങ്ങളും പുറത്ത് വിട്ടിട്ടില്ല.
യുദ്ധം യുക്രെയ്‌നുണ്ടാക്കിയ ആഘാതവും ഏറെ വലുതാണ്. രാജ്യത്തിന്റെ അഞ്ചിലൊരു ഭാഗം ഇപ്പോൾ റഷ്യയുടെ കൈവശമാണുള്ളത്. യുക്രെയ്നിന്റെ ഡോൺബാസ് മേഖലയുടെ ഭൂരിഭാഗവും അസോവ് തീരപ്രദശേവുമെല്ലാം ഇപ്പോൾ റഷ്യയുടെ അധീനതയിലാണ്. രാജ്യത്തെ ജനസംഖ്യ 10 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും, ഹസീനയുടെ തകർച്ചയും
സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിദ്യാർഥികളും മറ്റുള്ളവരും നടത്തിയ വൻ പ്രതിഷേധത്തെ തുടർന്നാണ് 2024 ആഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത്. പിന്നാലെ നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. 17 വർഷങ്ങൾക്കു ശേഷമാണ് ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിലേറുന്നത്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇടക്കാല സർക്കാരിൽ രാഷ്ട്രീയ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. വിദ്യാർഥി, സൈനിക പ്രതിനിധികളും, സാമൂഹിക മനുഷ്യവകാശ പ്രവർത്തകരുമാണ് ഇടക്കാല സർക്കാരിലുള്ളത്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്.
അതേസമയം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും, പണപ്പെരുപ്പവും വർധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത സമ്മർദ്ദത്തിലാണ് രാജ്യത്തെ ഇടക്കാല സർക്കാർ. അടുത്തിടെയുണ്ടായ മുസ്ലീം അഭിഭാഷകൻ്റെ കൊലപാതകവും ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റും രാജ്യത്ത് വീണ്ടും സംഘർഷത്തിന് കാരണമായിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ സ്ഥിരതയ്ക്കും, സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി പുതിയ വർഷത്തിൽ ബംഗ്ലാദേശ് ശ്രമിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണ കൊറിയയിലെ പട്ടാളനിയമം
തൻ്റെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി ഉത്തരകൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും "രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ" നടത്തിയെന്നും ആരോപിച്ച് ദക്ഷിണ കൊറിയയിൽ പ്രസിഡൻ്റ് യൂൻ സുക് യോൾ പട്ടാള നിയമം പ്രഖ്യാപിച്ചത് ഡിസംബർ മൂന്നിനാണ്. എന്നാൽ ദേശീയ അസംബ്ലി ഏകകണ്ഠമായി ഇതിനെതിരെ വോട്ട് ചെയ്തതോടെ മണിക്കൂറുകൾക്കുള്ളിൽ പട്ടാള നിയമം പിൻവലിച്ചെങ്കിലും ഓഹരി വിപണികളിൽ വൻ ഇടിവാണ് അതുണ്ടാക്കിയത്. വിദ്യാർഥികളടക്കം നിരവധി പേരാണ് യോളിൻറെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തിയത്. യോൾ രാജി വയ്ക്കണമെന്നും ഇംപീച്ച്മെന്റ് നേരിടണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. എന്നാൽ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയിലെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ അദ്ദേഹം ഇംപീച്ച്മെന്റിൽ നിന്നും രക്ഷപെടുകയായിരുന്നു. 1980 ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്.
വിശ്വാസ വോട്ടെടുപ്പിലെ ജർമ്മൻ ചാൻസലറുടെ പരാജയം
ജർമ്മൻ ഫെഡറൽ പാർലമെൻ്റായ ബുണ്ടെസ്റ്റാഗിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പരാജയപ്പെട്ടത് ഈ വർഷമായിരുന്നു. 733 സീറ്റുകളുള്ള ലോവർ ഹൗസിൽ ഷോൾസിന് 207 മാത്രമാണ് ലഭിച്ചത്. അദ്ദേഹത്തിനെതിരെ 394 പേർ വോട്ട് ചെയ്തപ്പോൾ 116 പേരാണ് വിട്ടുനിന്നത്. ജർമ്മനിയുടെ സ്തംഭനാവസ്ഥയിലായ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിനെക്കുറിച്ച് ദീർഘകാലമായുള്ള തർക്കത്തിൽ ചാൻസലർ തൻ്റെ ധനമന്ത്രിയെ പുറത്താക്കിയതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഇതോടെയാണ് ജർമ്മനിയിലെ ഷോൾസിൻ്റെ ത്രികക്ഷി സർക്കാർ തകർച്ചയിലേക്ക് നീങ്ങിയത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം പുലരുന്നു
മൂവായിരത്തോളം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ–ചൈന അതിർത്തിയിൽ കഴിഞ്ഞ നാലരവർഷമായി നിലനിന്ന സംഘർഷത്തിന് വിരാമമായത് 2024 ലാണ്. ഈ വർഷം ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ ദെപ്സാങ്ങ്, ഡെംചോക്ക് എന്നീ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ പിന്മാറ്റ കരാർ പൂർത്തിയാക്കിയതോടെ നാലരവർഷമായി നീണ്ടുനിന്ന സംഘർഷത്തിനാണു തിരശീല വീണത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈനയും ഇന്ത്യയും ധാരണയിലെത്തിയത്. 2020 മെയ് മുതലാണ് അതിർത്തിയിലെ വടക്കൻമേഖലയായ ലഡാക്കിലെ ഗാൽവൻ നദിമുതൽ പാങ്ങോങ് നദിവരെയുള്ള പ്രദേശത്ത് സംഘർഷം രൂപപ്പെട്ടത്.
പ്രകൃതി ദുരന്തങ്ങൾ
ലോകത്ത് ഒരുപാട് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച ഒരു വർഷം കൂടിയാണ് കടന്ന് പോകുന്നത്. ജപ്പാനിലെ നോട്ടോ പെനിൻസുല ഭൂകമ്പത്തോടെയാണ് ഈ വർഷം ആരംഭിക്കുന്നത് തന്നെ. 50 പേർക്കാണ് ഭൂകമ്പത്തിൽ ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1,000 ലേറെ പേർ കൊല്ലപ്പെട്ടത് ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ്.
അതേ മാസം തന്നെയായിരുന്നു ബ്രസീൽ അതിൻ്റെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിച്ചത്. കെനിയയിലും ടാൻസാനിയയിലും സ്ഥിതി മറിച്ചായിരുന്നില്ല. രാജ്യങ്ങളിലുടനീളമുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ പലായനം ചെയ്യുകയും ചെയ്തു. പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. തായ്‌വാനിലെ ഭൂചലനം, ലെബനൻ, ദക്ഷിണ ചൈന, ദുബായ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വലിയ രീതിയിലുള്ള വെള്ളപൊക്കം തുടങ്ങിയവയുണ്ടായതും ഈ വർഷമാണ്.
യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി നിരവധി സംഭവവികാസങ്ങൾക്കാണ് ഈ വർഷം ലോകം സാക്ഷ്യം വഹിച്ചത്. പുതിയ വർഷത്തിലെങ്കിലും സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകജനത.