ടീമില്‍ പ്രായോഗിക മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് മഞ്ഞപ്പടയുടെ തീരുമാനം
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റിന്‍റെ തെറ്റായ നിലപാടുകള്‍ക്കെതിരെ നിസ്സഹകരണം പ്രഖ്യാപിക്കുന്നതായി ആരാധക കൂട്ടായ്മയായ 'മഞ്ഞപ്പട'. സീസണിലെ ബാക്കി മത്സരങ്ങൾക്ക് ടിക്കറ്റ് എടുക്കില്ലെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ടീമില്‍ പ്രായോഗിക മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് മഞ്ഞപ്പടയുടെ തീരുമാനം. ഈ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് മഞ്ഞപ്പട സ്റ്റേറ്റ് കോർ കമ്മിറ്റി ടീം മാനേജ്മെന്‍റിന് കത്തയച്ചു.
പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ മാനേജ്മെന്‍റ് പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്ത് ഐഎസ്എല്‍ സീണണ്‍ ആരംഭിക്കുന്നതിനു മുന്‍പും മഞ്ഞപ്പട കത്തയിച്ചിരുന്നു. എന്നാല്‍ മഞ്ഞപ്പടയുടെ ആരോപണങ്ങളെ തള്ളി ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖില്‍ പി. നിമ്മഗദ്ദ രംഗത്തെത്തുകയായിരുന്നു.
11 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.
Also Read: ഷമിയുടെ ഫിറ്റ്നസിനെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുമായി രോഹിത് ശർമ
മഞ്ഞപ്പടയുടെ പ്രസ്താവനയുടെ പൂർണരൂപം:
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നമ്മുടെ ക്ലബ്ബിന്‍റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്.നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ് ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റുനു എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിയ്ക്കും. നമ്മൾ പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്.
മഞ്ഞപ്പട സ്റ്റേറ്റ് കോർ കമ്മിറ്റി
Also Read: കിരീടം നിലനിർത്തി; ഇന്ത്യയെ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളായി ബംഗ്ലാദേശ്