ഇടുക്കി ശാന്തൻപാറ ഏരിയ സമ്മേളനത്തിലായിരുന്നു എം.എം. മണിയുടെ പ്രസംഗം
അടിച്ചാൽ തിരിച്ചടിക്കണമെന്ന് സിപിഎം നേതാവ് എം.എം. മണി. താൻ നേരിട്ടിറങ്ങി തിരിച്ചടിച്ചിട്ടുണ്ട് എന്നും മുന്‍ മന്ത്രി വെളിപ്പെടുത്തി. തിരിച്ചടിച്ചില്ലെങ്കിൽ പാർട്ടി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ശാന്തൻപാറ ഏരിയ സമ്മേളനത്തിലായിരുന്നു എം.എം. മണിയുടെ പ്രസംഗം.
എം.എം. മണിയുടെ പ്രസംഗം
"അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം.
അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഈ ഇരിക്കുന്ന നിങ്ങളുടെ നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. മരിച്ചുപോയ ഞങ്ങളുടെ നേതാക്കള്‍ പലരുമുണ്ട്. അവരൊക്ക നേരിട്ടടിച്ചിട്ടുണ്ട്. നേരിട്ട്... ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. ഇവിടെ നമ്മുടെ എത്ര സഖാക്കളെ കൊന്നിട്ടുണ്ടെന്ന് അറിയാമോ കാമരാജ് എങ്ങനെ മരിച്ചു? കാമരാജിനെ കൊന്നു... തങ്കപ്പനെ വെട്ടിക്കൊന്നു. പാപ്പമ്മാള്‍, ഹസന്‍ റാവുത്തറ്...നിരവധിപ്പേർ..അതിനെയെല്ലാം ഞങ്ങള്‍ നേരിട്ടു. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. എന്നു കരുതി നാളെ മുതല്‍ കവലയിലിറങ്ങി സംഘർഷമുണ്ടാക്കിയാല്‍ നമ്മുടെ കൂടെയെങ്ങും ആരും നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം. കമ്മ്യൂണിസ്റ്റുകാര് ബലപ്രയോഗത്തിന്‍റെ മാർഗം സ്വീകരിക്കുന്നത് കേള്‍ക്കുന്നവരും കാണുന്നവരും ശരിയാണെന്ന് പറയണം."