കൊലപാതക ദിവസം വീട്ടിലേക്ക് നാല് പേർ എത്തുമെന്ന് പറഞ്ഞതായി അഫാൻ പറയുന്നു. ഇവർക്ക് നൽകാനുള്ള തുക വീട്ടിൽ നിന്ന് വാങ്ങിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നതായും അഫാൻ മൊഴി നൽകി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആയുധമായി ചുറ്റിക തെരഞ്ഞെടുക്കാൻ കാരണമെന്തെന്ന ചോദ്യത്തിന്, ചുറ്റികകൊണ്ട് ശക്തിയായി തലയ്ക്കടിച്ചാൽ ആരും മരണപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നായിരുന്നു അഫാൻ്റെ മറുപടി. ചുറ്റിക എളുപ്പത്തിൽ കൊണ്ടു നടക്കാൻ പറ്റിയ ആയുധമാണെന്നും പ്രതി മൊഴി നൽകി.
കൊലപാതക ദിവസം വീട്ടിലേക്ക് നാല് പേർ എത്തുമെന്ന് പറഞ്ഞതായി അഫാൻ പറയുന്നു. ഇവർക്ക് നൽകാനുള്ള തുക വീട്ടിൽ നിന്ന് വാങ്ങിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നതായും അഫാൻ മൊഴി നൽകി. വെള്ളിയാഴ്ചയോടെയാണ് പാങ്ങോട് പൊലീസ് പ്രതി അഫാനുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പിതൃ മാതാവ് സല്‍മാബീവിയുടെ വീട്ടിലും പേരുമലയിലെ സ്വന്തം വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ അഫാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വൈകുന്നേരം 4.30ഓടെയാണ് അഫാനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയില്‍ ആദ്യം താഴെ പാങ്ങോടുള്ള സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചു. മിനുട്ടുകള്‍ മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ച താഴെ പാങ്ങോട് ജുമ മസ്ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്. പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെക്കാണാന്‍ തടിച്ചു കൂടിയിരുന്നു. എന്നാൽ പ്രതിഷേധത്തിന്റെയോ വൈകാരികതയുടെയോ അന്തരീക്ഷമില്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാന്‍ പൊലീസിന് സാധിച്ചു.
കൊലപാതകത്തിനുശേഷം മടങ്ങിയ വഴിയിലൂടെ പൊലീസ് അഫാനുമായി സഞ്ചരിച്ചു. കല്ലറയുള്ള സിഡിഎമ്മിന് മുന്നില്‍ സെക്കന്റുകള്‍ മാത്രം വാഹനം നിര്‍ത്തി. സല്‍മാബീവിയുടെ മാല പണയം വെച്ച് പണം നിക്ഷേപിച്ച സിഡിഎമ്മിന് മുന്നിലാണ് പ്രതിയെ പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാനുമായി പൊലീസ് എത്തിയത് പേരുമലയിലെ സ്വന്തം വീട്ടിലാണ്. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. മാതാവിന്റെയും സഹോദരന്റെയും പെണ്‍ സുഹൃത്തിന്റെയും ചോരക്കറ ഉണങ്ങാത്ത വീട്ടില്‍, യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാന്‍ കുറ്റകൃത്യം വിശദീകരിച്ചത്.
അതേസമയം രാവിലെ തെളിവെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഫാന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണിരുന്നു. ഉടന്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവെടുപ്പ് തടസപ്പെടുത്തുന്നതിനുള്ള പ്രതിയുടെ നാടകമായിരുന്നു എന്നാണ് വിലയിരുത്തല്‍.
പാങ്ങോട് പൊലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.