മുനിസിപ്പൽ കോർപ്പറേൻ മുൻ അംഗമായ യുവതിക്ക് വാട്സാപ്പിലൂടെ അശ്ലീലച്ചുവയിൽ സന്ദേശമയച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം
അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ വാട്സാപ്പ് സന്ദേശം അയക്കുന്നത് അധിക്ഷേപത്തിന് തുല്യമെന്ന് മുംബൈ സെഷൻസ് കോടതി. കാണാൻ സുന്ദരിയാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങൾ സ്ത്രീകളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി. മുനിസിപ്പൽ കോർപ്പറേൻ മുൻ അംഗമായ യുവതിക്ക് വാട്സാപ്പിലൂടെ അശ്ലീലച്ചുവയിൽ സന്ദേശമയച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
രാത്രി 11 മണിക്കും 12:30-നുമിടയില്‍ അയച്ച വാട്‌സാപ്പ് മെസേജുകളില്‍ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ പറ്റിയും വിവാഹത്തെപ്പറ്റിയും സന്ദേശം അയച്ചയാൾ ആവർത്തിച്ച് ചോദിച്ചതായി കോടതി കണ്ടെത്തി. 2022 ൽ ഇതേ കേസിൽ കീഴ്കോടതി പ്രതിയെ കുറ്റകാരനായി കണ്ടെത്തി മൂന്ന് മാസം തടവിന് വിധിച്ചിരുന്നു. തുടർന്ന് കീഴ്ക്കോടതി നടപടിയെ ചോദ്യം ചെയ്താണ് ആരോപണവിധേയൻ സെഷൻസ് കോടതിയെ സമീപിച്ചത്.
ALSO READ: ഫെമ ചട്ട ലംഘനം; ബിബിസി ഇന്ത്യക്ക് 3.44 കോടി പിഴയിട്ട് ഇഡി
വിവാഹിതയും അപരിചിതയുമായ സ്ത്രീയോട് ഇത്തരത്തിലുള്ള അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാഷ്ട്രീയ പകപ്പോക്കലിൻ്റെ ഭാഗമായുള്ള പരാതിയാണെന്നായിരുന്നു പ്രതി ആരോപിച്ചത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളുടെ വാദം കോടതി തള്ളി. ഒരു സ്ത്രീയും തന്റെ അന്തസ്സിനെ പണയപ്പെടുത്തി ഒരു പ്രതിയെ തെറ്റായ കേസിൽ കുടുക്കാൻ ശ്രമിക്കില്ലെന്നും കോടതി പറഞ്ഞു.