തെളിവായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്
പീഡന പരാതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. തനിക്കെതിരായുള്ള വ്യാജ പരാതിയില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം താന്‍ സിനിമാ ഷൂട്ടിങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ല. ഇതിനു തെളിവായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നിവിന്റെ ആവശ്യം. ഏത് തരം അന്വേഷണത്തോടും സഹകരിക്കുമെന്നും നിവിന്‍ പോളി ഉറപ്പ് നല്‍കി.
Also Read: ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ അഭിനയിച്ചു; വെളിപ്പെടുത്തലുമായി പാര്‍വതി ആര്‍ കൃഷ്ണ
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളി അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
യുവതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ, പ്രതികരണവുമായി നിവിന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമായിരുന്നു നിവിന്റെ പ്രതികരണം. പിന്നാലെ, ഡിജിപിക്ക് പ്രാഥമിക പരാതിയും നല്‍കി.
Also Read: പരാതിക്കാരിയെ അറിയില്ല, കണ്ടിട്ടില്ല; ഏത് അന്വേഷണത്തിനും തയ്യാർ: നിവിന്‍ പോളി
ദുബായില്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിനിമാപ്രവര്‍ത്തകരും പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പങ്കുവെച്ചത്. അന്നേ ദിവസം താമസിച്ചിരുന്ന കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബില്ലും ഈ ദിവസങ്ങളില്‍ എടുത്ത ഫോട്ടോകളുമാണ് പുറത്തുവിട്ടത്.