"സഭയിൽ സമാധാനം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഒരു വിഭാഗവുമായി എന്നും വഴക്കടിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല"
എന്റെ മനസിൽ എന്റെ സഭ മാത്രമേയുള്ളൂവെന്ന് യാക്കോബായ സഭയുടെ അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. ആര് ഇകഴ്ത്താൻ ശ്രമിച്ചാലും ഈ സഭയെ നിലനിർത്തുന്നത് ദൈവമാണ്. സഭ കൂടുതൽ ശക്തി അർജിച്ചു മുന്നോട്ട് പോകും. ആരോടും വെറുപ്പ് സൂക്ഷിക്കുന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ച് ഭൂഷണമല്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.
"സഭയിൽ സമാധാനം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഒരു വിഭാഗവുമായി എന്നും വഴക്കടിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല. വ്യവഹാരത്തിൽ ജനിച്ച്, ജീവിച്ചു, മരിക്കാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ഇത് അവസാനിപ്പിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്ര വട്ടം സമാധാനത്തിനു വേണ്ടി ചർച്ചകൾ നടത്തി. കേസിന്റെ വഴി പോകുകയാണോ വേണ്ടത്, അതോ വിശുദ്ധഗ്രന്ഥത്തിലേയ്ക്ക് തിരിച്ചു വരികയാണോ വേണ്ടത്. ചർച്ചയ്ക്ക് വിളിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ തയാറാണ്. വ്യവഹാരത്തിന്റെ വഴി ആണെങ്കിൽ അവസാനം വരെ പോകും. പക്ഷെ ഞാൻ അപേക്ഷിക്കുന്നത് വ്യവഹാരത്തിന്റെ വഴിയല്ല പോകേണ്ടതെന്നാണ്. ആരെയും വേദനിപ്പിച്ചു പ്രസംഗം നടത്താൻ ആഗ്രഹിക്കുന്നില്ല," കാതോലിക്കാ ബാവ പറഞ്ഞു. സഭയ്ക്ക് വേണ്ടി മരിക്കേണ്ടി വന്നാലും അതിന് തയാറായാണ് ഈ സ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റതിൻ്റെ ചടങ്ങുകൾ നടന്നത്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ) നടന്നത്. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവയ്ക്ക് വന്‍സ്വീകരണമാണ് വിശ്വാസികള്‍ ഒരുക്കിയത്. ബാവയെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ജനക്കൂട്ടമെത്തി.