സമരം ചെയ്യുന്നവരെ ആട്ടിപ്പായിക്കലാണ് സർക്കാരിൻ്റെ ജോലിയെന്നായിരുന്നു നജീബ് കാന്തപുരത്തിൻ്റെ ആക്ഷേപം
ആശ-അങ്കണവാടി വർക്കർമാരുടെ സമരത്തെ ചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തിൽ നജീബ് കാന്തപുരം എംഎൽഎ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതോടെയാണ് തർക്കങ്ങൾ ആരംഭിക്കുന്നത്. സമരം ചെയ്യുന്നവരെ പരിഗണിക്കാതെ, പിഎസ്‌സി അംഗങ്ങൾക്കും കെ. വി തോമസിന്റെയും കയ്യിൽ നോട്ട് കെട്ടുകൾ വെച്ചു കൊടുക്കുന്ന തിരക്കിലാണ് സർക്കാരെന്നും നജീബ് കാന്തപുരം ആരോപിച്ചു.
സമരം ചെയ്യുന്നവരെ ആട്ടിപ്പായിക്കലാണ് സർക്കാരിൻ്റെ ജോലിയെന്നായിരുന്നു നജീബ് കാന്തപുരത്തിൻ്റെ ആക്ഷേപം. സ്ത്രീകൾ എന്ന പരിഗണന പോലും ഇല്ലാതെ സമരക്കാരെ സർക്കാർ അടിച്ചൊതുക്കുകയാണ്. ആശാവർക്കർമാരെ പറ്റി പറയുമ്പോൾ എന്തിനാണ് ഭരണപക്ഷത്തിന് അസഹിഷ്ണുതയെന്ന് ചോദിച്ച എംഎൽഎ, സർക്കാർ പിഎസ്‌സി അംഗങ്ങൾക്കും കെ.വി. തോമസിന്റെയും കയ്യിൽ നോട്ട് കെട്ടുകൾ വെച്ചു കൊടുക്കുന്ന തിരക്കിലാണെന്നും പറഞ്ഞു.
സർക്കാരിന് ആശാ വർക്കർമാരെയോ അങ്കണവാടി ടീച്ചർമാരെയോ ഹെൽപ്പർമാരെയോ വേണ്ടെന്ന് നജീബ് കാന്തപുരം പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ വേതന വർധനവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോയിട്ടുണ്ട്. വേതനം വർധിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് നിയമവകുപ്പ് അപ്പീൽ നൽകിയത്. ലോക സന്തോഷ ദിനമായ ഇന്നാണ് ആശാ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കാൻ തെരഞ്ഞെടുത്തത്. തുടർഭരണം ലഭിച്ചപ്പോൾ സിപിഐഎം നേതാക്കൾക്കും സർക്കാരിനും ഉണ്ടായ പരിണാമം അതിശയിപ്പിക്കുന്നതാണെന്നും നജീബ് കാന്തപുരം പറഞ്ഞു.
തുടർന്ന് വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നജീബ് കാന്തപുരത്തിന് സ്പീക്കറിന്റെ റൂളിങ് എത്തി. ആരോഗ്യമന്ത്രി ഏത് തൊഴിൽ സമരത്തിന്റെ മുൻപിൽ ആണ് ഉണ്ടായിരുന്നതെന്ന നജീബ് കാന്തപുരത്തിന്റെ പരാമർശത്തിലാണ് സ്പീക്കറുടെ ഇടപെടൽ. പിന്നാലെ സ്പീക്കറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. നജീബ് കാന്തപുരം സംസാരിച്ചപ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കിയെന്നും, ആ സമയം സ്പീക്കർ പ്രതിപക്ഷത്തെ പ്രൊട്ടക്ട് ചെയ്തില്ലെന്നുമായിരുന്നു വി.ഡി. സതീശൻ്റെ ആക്ഷേപം.
അതേസമയം പരിതാപകരമായ അടിയന്തര പ്രമേയ അവതരണമെന്നായിരുന്നു മന്ത്രി പി. രാജീവ് ഇതിനെ വിശേഷിപ്പിച്ചത്. ആശാമാരുടെ സമരത്തിൽ ഐഎൻടിയുസിയുടെ നിലപാട് എന്താണെന്നും എസ്ടിയു വിഷയത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്നും പി. രാജീവ് ചോദിച്ചു. ഇതിൻ്റെ രാഷ്ട്രീയം നന്നായി തിരിച്ചറിയാൻ കേരളത്തിലെ ജനതയ്ക്ക് സാധിക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷമാണ്. ബജറ്റിൽ അനുവദിച്ച 9 കോടി പൂർണമായും ഇവർക്കായി ചെലവഴിച്ചു. സമരത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു.
കേന്ദ്രവിഷ്‌കൃത പദ്ധതിയാണെങ്കിലും നല്‍കുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നല്‍കുന്നതെന്നും പി. രാജീവ് വിശദീകരിച്ചു. കേന്ദ്രത്തിന് കീഴിൽ വരുന്ന സ്കിം വർക്കർമാർക്ക് കാലോചിതമായ ഒരു വർധനവും കേന്ദ്രം വരുത്തുന്നില്ല. മാർച്ച് 14ന് ചേർന്ന യോഗത്തിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പങ്കെടുത്തിരുന്നു. യോഗത്തിലെ ധാരണയ്ക്ക് വിരുധമായി തൊട്ടടുത്ത ദിവസം മുതൽ സമരം ചെയ്യാൻ ഇറങ്ങുന്നു. വേതനത്തിൻ്റെ കാര്യത്തിൽ കോടതി ഇതിൽ തീരുമാനം പറയട്ടെയെന്നും കേന്ദ്രം അത് നടപ്പാക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫാണെന്ന് ചൂണ്ടിക്കാട്ടി പി. രാജീവിൻ്റെ പ്രസ്താവനയെ വി.ഡി. സതീശൻ പ്രതിരോധിച്ചു. ദിവസം മുഴുവൻ ചെയ്താലും തീരാത്ത അത്ര ജോലി ചെയ്യുന്ന ജീവനക്കാർക്ക് കടുത്ത ജോലി ഭാരമാണ്. ശമ്പളത്തിൽ നിന്ന് പണമെടുത്താണ് പലരും കെട്ടിടവാടകയും കറന്റ് ബില്ലും വരെ എല്ലാം കൊടുക്കുന്നതെന്നും വെറും 300 രൂപയാണ് അങ്കണവാടി ജീവനക്കാർക്ക് വേതനമായി ലഭിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഈ സമരത്തെ തള്ളിപ്പറയുന്ന നിങ്ങൾ തൊഴിലാളി വർഗപാർട്ടിയല്ല, മുതലാളി വർഗ പാർട്ടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.