ആർഎസ്എസും സിപിഎമ്മും തമ്മിലുള്ളത് പരസ്യ ബാന്ധവമാണ്
തൃശൂർ പൂരത്തിലെ ഒത്തുകളിക്ക് പാലക്കാട് തിരിച്ചടിയുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എംപി. ആത്മാർത്ഥതയുള്ള സഖാക്കൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുമെന്നും ഷാഫി പറഞ്ഞു. ഒരു സീറ്റിന് വേണ്ടിയാണ് പൂരം കലക്കിയത്. കമ്മീഷണറെ അഴിഞ്ഞാടാൻ അനുവദിച്ചത് എഡിജിപിയാണ്. ആ എഡിജിപിക്ക് മുഖ്യമന്ത്രി കൂട്ടുനിന്നു. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതിൻ്റെ ക്രെഡിറ്റ് സുരേഷ്ഗോപിക്കല്ല. ആ വീടിൻ്റെ ഐശ്വര്യം പിണറായി വിജയനാണെന്നും ഷാഫി ആരോപിച്ചു.
ആർഎസ്എസും സിപിഎമ്മും തമ്മിലുള്ളത് പരസ്യ ബാന്ധവമാണ്. സിപിഎമ്മിൻ്റെ ഘടകകക്ഷിയായി ആർഎസ്എസ് മാറിക്കഴിഞ്ഞു. പിണറായിക്കും ആർഎസ്എസിനുമിടയിലുള്ള പാലത്തിൻ്റെ പേരാണ് അജിത്കുമാർ. ഗതി കെട്ടതു കൊണ്ടാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്. പട്ടിൽ പൊതിഞ്ഞ ഒരു ശാസനയാണ് നൽകിയതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
നാട് ഭരിക്കാൻ വേണ്ടത് രണ്ട് ചങ്കല്ല നാട് ഭരിക്കാൻ ആത്മാർത്ഥതയാണ് വേണ്ടതെന്നും ഇത് രണ്ടും പിണറായിക്കില്ലെന്നും ഷാഫി പറഞ്ഞു. കെ.ടി. ജലീലിൻ്റെ ഫത്വ പരാമർശത്തിനെതിരെയും ഷാഫ് വിമർശനം ഉന്നയിച്ചു. ഇതൊരു മതരാഷ്ട്രമല്ല, മതേതര രാഷ്ടമാണെന്ന് ജലീൽ മനസിലാക്കണം. ഫത്വ പുറപ്പെടുവിക്കണമെന്ന പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്നും ഷാഫി ചോദിച്ചു.