അതിരപ്പിള്ളിയിൽ 24 മണിക്കൂറിനിടെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്
അതിരപ്പിള്ളിയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഹർത്താൽ നടത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ALSO READ: വീണ്ടും കാട്ടാനക്കലി; അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
ഇന്ന് രാവിലെയോടെയാണ് വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരെ കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്.
കാട്ടാനയുടെ മുന്നിൽ പെട്ട ഇവർ ചിതറി ഓടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അംബികയും, സതീഷും രക്ഷപ്പെട്ടുവെന്നാണ് കരുതിയത് എന്ന് പ്രദേശവാസി പറഞ്ഞു. രാവിലെ മടങ്ങി വരാത്തതിനെ തുടർന്ന നടത്തിയ തെരച്ചിലിൽ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.