പ്രതികാരത്തിന്റെ വീരഗാഥ (ദി ബല്ലാഡ് ഓഫ് റെട്രിബ്യൂഷന്‍) എന്ന പേരിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്
എമ്പുരാന്‍ തീയേറ്ററിലെത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ചിത്രത്തിലെ ഗാനം. ഫിര്‍ സിന്ദാ എന്ന ഹിന്ദി പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതികാരത്തിന്റെ വീരഗാഥ (ദി ബല്ലാഡ് ഓഫ് റെട്രിബ്യൂഷന്‍) എന്ന പേരിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമും പൃഥ്വിരാജിന്റെ സയീദ് മസൂദും കണ്ടുമുട്ടാനിടയായ സാഹചര്യവും, വര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവുമൊക്കെ സൂചിപ്പിക്കുന്നതാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്ന മോഷന്‍ പിക്ചറുകള്‍.
ലൂസിഫറിന് സംഗീതമൊരുക്കിയ ദീപക് ദേവ് തന്നെയാണ് എമ്പുരാനും ഈണമൊരുക്കിയിരിക്കുന്നത്. ലൂസിഫറിലെ സൂപ്പര്‍ഹിറ്റായ രഫ്താരാ നാചേ നാചേ... എന്ന ഗാനം എഴുതിയ തനിഷ്ക് നാബര്‍ ആണ് ഫിര്‍ സിന്ദായ്ക്കും വരികളെഴുതിയത്. ആനന്ദ് ഭാസ്കറാണ് ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത്. അമല്‍ സി. അജിത്, മിലന്‍ ജോയ്, ഭരത്, സൂര്യ ശ്യാം ഗോപല്‍ എന്നിവരാണ് പിന്നണിയില്‍. പാട്ട് പുറത്തുവിട്ട് ആദ്യ മണിക്കൂറില്‍ തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
വിധിയിലൂടെ പ്രിയപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ടു. സ്വപ്നങ്ങളെല്ലാം ഉറങ്ങിപ്പോയി. എല്ലാം ഒരു അഗ്നിപര്‍വതം പോലെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നു. ഉള്ളില്‍ അടച്ചുവെച്ചതൊക്കെ ഇന്ന് പൊട്ടിത്തെറിക്കുന്നു. ഞാന്‍ വീണ്ടും ജനിക്കുന്നു. ഇന്ന് എല്ലാം തീര്‍പ്പാക്കും. എല്ലാത്തിനും തിരിച്ചുകൊടുക്കും എന്നിങ്ങനെയാണ് പാട്ടിന്റെ വരികളുടെ അര്‍ത്ഥം. കലാപബാധിത മേഖലയില്‍നിന്ന് സയീദ് മസൂദിനെ രക്ഷിച്ച് പുതുജീവിതം നല്‍കുന്നത് ഖുറേഷി അബ്രാമെന്ന് സൂചിപ്പിക്കുന്നതാണ് വരികള്‍. തങ്ങളോട് കാണിച്ച അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കാലങ്ങള്‍ക്കൊടുവില്‍ പകരം ചോദിക്കാനായി തിരിച്ചെത്തുന്നതായാണ് വരികള്‍ പറഞ്ഞുവെക്കുന്നത്. ഇരു കഥാപാത്രങ്ങളുടെയും പഴയകാലവും പുതിയകാലവുമൊക്കെ ചേര്‍ത്താവും എമ്പുരാന്‍ ഇക്കുറി കഥ പറയുക.
മാര്‍ച്ച് 27നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. തീയേറ്ററില്‍ എത്തുംമുന്‍പേ ചിത്രം പല റെക്കോഡുകളും ഭേദിച്ചിട്ടുണ്ട്. പ്രീ ബുക്കിങ്ങിലും, സെയ്‌ലിലും സര്‍വകാല റെക്കോഡുകള്‍ സൃഷ്ടിച്ചാണ് എമ്പുരാന്റെ കുതിപ്പ്. കേരളത്തില്‍ 750 സ്ക്രീനുകളിലാണ് എമ്പുരാന്‍ എത്തുന്നത്.