സംഭവത്തിന് പിന്നിൽ ഭർത്താവ് നോബിയുടെ പ്രകോപനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
ഏറ്റുമാനൂരിൽ മക്കളോടൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ഫോൺ കണ്ടെത്തി. ഫോൺ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും. അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിന് പിന്നിൽ ഭർത്താവ് നോബിയുടെ പ്രകോപനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി പറഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചനത്തിനായി പല തവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. ഇതില്‍ ഇവർ കടുത്ത സമ്മർദത്തിലാണെന്ന് ഈ സന്ദേശങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.
സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും നോബി ഷൈനിയോട് പറഞ്ഞു.നോബിയുടെ അച്ഛന്‍റെ ചികിത്സയ്‌ക്കെടുത്ത വായ്പയിൽ നിന്നും ഇയാൾ കൈയ്യൊഴിഞ്ഞു.മക്കളായ അലീനയെയും ഇവാനയേയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്നതും ഇവർ റെയിൽവേ ട്രാക്കിലേക്ക് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഫെബ്രുവരി 28ന് പുലർച്ചെ 4.44 നാണു ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്.
പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു അമ്മ ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്.പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു.നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമം ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)