കിൻഫ്ര പാർക്ക് എന്ന ആശയം വന്നതു മുതലാണ് കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
കേരളത്തിൽ വ്യവസായ രംഗത്ത് വലിയ മാറ്റം വരുത്തിയത് യുഡിഎഫ് സർക്കാരുകളുടെ കാലത്താണെന്ന് മുസ്ലീം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. വ്യവസായ രംഗത്ത് പോസിറ്റീവ് നയം എടുക്കാൻ കഴിയാത്തതായിരുന്നു ഇടതു നയം. വ്യാവസായിക മേഖലയിൽ യുഡിഎഫ് സർക്കാരുകൾക്കുണ്ടായ വേഗത എല്‍ഡിഎഫ് സർക്കാരിനില്ല. കിൻഫ്ര പാർക്ക് എന്ന ആശയം വന്നതു മുതലാണ് കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൻ്റെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിന്റെ പത്ര ലേഖനത്തില്‍ പ്രതികരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.
"ഞാൻ വ്യവസായ മന്ത്രിയായ 1991ലെ സർക്കാരിനു ശേഷമാണ് മാറ്റങ്ങൾ തുടങ്ങിയത്. അത് ശശി തരൂരും പറഞ്ഞിട്ടുണ്ട്. അന്നാണ് ആദ്യമായി എന്താണ് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യേണ്ടതെന്ന് മനസിലാക്കി ഒരു വ്യവസായ നയം കൊണ്ടുവരുന്നത്. പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയൊക്കെയായ ചന്ദ്രശേഖറായിരുന്നു അന്ന് വ്യവസായ സെക്രട്ടറി. അന്നാണ് കിൻഫ്ര എന്ന പരീക്ഷണം ആരംഭിച്ചത്. യഥാർഥത്തിൽ ടി.വി. തോമസ്- അച്യുതമേനോൻ കാലത്തിനു ശേഷം കേരളത്തിലെ വ്യവസായ രംഗത്ത് വന്ന ശ്രദ്ധേയമായ മാറ്റം കിൻഫ്ര പാർക്കുകളാണ്. പിൽക്കാലത്ത് കേരളത്തിൽ വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻഫ്ര പാർക്കിനകത്താണ്", കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം ഡിജിറ്റൽ കേരളയായത് ലോക പ്രശസ്തമായ അക്ഷയ സെന്ററുകൾ കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
എ.കെ. ആന്‍റണി സർക്കാരിന്റെ കാലത്തെ എമർജിങ് കേരളയും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഇൻവെസ്റ്റേഴ്സ് മീറ്റും കേരളത്തിലെ വ്യവസായ രംഗത്ത് വലിയ മാറ്റം വരുത്തിയെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സർക്കാർ വികസനത്തിന്റെ മുഖമുദ്രയായി കാണിക്കുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് കാരണം യുഡിഎഫ് സർക്കാർ വിദ്യാഭ്യാസ രംഗം തുറന്ന് കൊടുത്തതാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
"ഇന്നത്തെ സർക്കാരുകൾ അവകാശപ്പെടുന്ന ഒന്ന് സ്റ്റാർട്ടപ്പുകളാണ്. ഏത് സ്റ്റാർട്ടപ്പുകൾ വരണമെങ്കിലും അതിന് ടെക്നിക്കലായി ക്വാളിഫൈഡ് ആയ ആളുകൾ വരണം. അതിന് എഞ്ചിനിയറിങ് കൊളേജുകൾ വേണ്ടേ? പ്രൊഫഷണൽ കോളേജുകൾ വേണ്ടേ? ആ പ്രൊഫഷണൽ കോളേജുകൾക്ക് എതിരായി അന്നത്തെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിതമായ സമരം ഓർമയുണ്ടല്ലോ? അതിനെ മറികടന്നാണ് ഞങ്ങൾ വിദ്യാഭ്യാസ രംഗം തുറന്ന് കൊടുത്തത്", കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വ്യവസായ അന്തരീക്ഷം കേരളത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ അതിനു കാരണം നോക്കുകൂലിയും അക്രമ സമരങ്ങളും ക്യാംപസ് ആക്രമണവും നിക്ഷേപകർ നേരിടേണ്ടി വരുന്ന ഭീഷണിയും മറ്റുമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ മാറ്റം വന്നിരിക്കുന്നുവെന്നാണ് അന്ന് പ്രതിപക്ഷമായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം പറയുന്നത്. പശ്ചാത്താപം തോന്നുന്നതും തിരുത്തുന്നതും നല്ലതാണെന്നും ആ തിരുത്തൽ സ്ഥായി ആയിരിക്കണമെന്നേ പറയാനുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
"ഇപ്പോൾ കേരളത്തിൽ കാണുന്ന എക്സപ്രസ് ഹൈവേ അടക്കമുള്ള എല്ലാ മാറ്റങ്ങളും യുഡിഎഫ് കൊണ്ടുവന്നതാണ്. അന്ന് പശുവിനെ കൊണ്ടുപോകുന്ന പ്രശ്നം പറഞ്ഞു. ഇന്ന് അത് പറയില്ല. അത് അവർക്ക് വന്ന മാറ്റമാണ്. ചില ഇടതുപക്ഷ സർക്കാരുകളുടെ നയം തന്നെ ഇടിച്ചുപൊളിക്കലായിരുന്നു. റിസോർട്ടുകളൊക്കെ ജെസിബി ഉപയോഗിച്ച് പൊളിച്ചിരുന്നത് ഓർമയില്ലേ?" കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് വ്യവസായ രംഗത്തെ മാറ്റങ്ങളെ പ്രതി ഇരു മുന്നണികൾക്കും ഇടയിൽ തർക്കങ്ങൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്. ലേഖനം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ ലേഖകനായ കോണ്‍ഗ്രസ് എംപി അവഗണിച്ചുവെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ മനപൂർവം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രംഗത്തെ സിപിഎമ്മിന്‍റെ നയമാറ്റവും അത് കേരളത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.