അഭിജിത്തിനെ ഒന്നാം പ്രതിയും, അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്
പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസില്‍ ഫോണ്‍ പൊലീസിന് കൈമാറിയത് ഫോര്‍മാറ്റ് ചെയ്തതിന് ശേഷം. ഫോര്‍മാറ്റ് ചെയ്തത് ഭര്‍ത്താവ് അഭിജിത്താണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ ഭര്‍ത്താവും അഭിജിത്തിനെയും സുഹൃത്തും അജാസിനെയും റിമാന്‍ഡ് ചെയ്തു.
ഇന്ദുജയുടെ ആത്മഹത്യയ്ക്ക് വഴി ഒരുക്കിയത് അജാസിന്റെയും അഭിജിത്തിൻ്റെയും പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്ട്. അജാസുമായി നേരത്തെ പരിചയത്തില്‍ ആയിരുന്നു ഇന്ദുജ. പിന്നീട് അജാസിന്റെ സുഹൃത്തായ അഭിജിത്തുമായി പരിചയത്തിലാവുകയും തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തു. അജാസ് കൂടി നിര്‍ബന്ധിച്ചാണ് യുവതിയെ അഭിജിത്തുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചത്.
എന്നാല്‍ ഇരുവരും പിന്നീട് മാനസികമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ദുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഭര്‍ത്താവ് അഭിജിത്ത് ആയിരുന്നു. ഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയായിരുന്നു അഭിജിത്ത് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് സുഹൃത്ത് അജാസിനെ അഭിജിത്ത് സ്വന്തം ഫോണില്‍ നിന്ന് വിളിക്കുന്നു. സംഭാഷണം അവസാനിച്ച ശേഷം ഇന്ദുജയുടെ ഫോണ്‍ അഭിജിത്ത് ഫോര്‍മാറ്റ് ചെയ്യുന്നു. ശേഷം പൊലീസിന് കൈമാറുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫോണ്‍ ലോക്ക് തുറക്കാന്‍ പറ്റാത്തതിനാല്‍ ആണ് ഫോര്‍മാറ്റ് ചെയ്തത് എന്നാണ് അഭിജിത്ത് മൊഴി നല്‍കിയത്. എന്നാല്‍ ആ മൊഴി അത്ര വിശ്വസനീയമായി പൊലീസ് കരുതിട്ടില്ല. ഇത്ര ധൃതിയില്‍ മായ്ച്ചു കളയേണ്ട എന്തോ ഒന്ന് ആ മൊബൈലില്‍ ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുകയാണ്. അജാസ് എടുത്ത് കൊടുത്ത സിം കാര്‍ഡ് ആണ് ഇന്ദുജ മരിക്കുംവരെ ഉപയോഗിച്ചിരുന്നത് എന്ന വിവരവും പുറത്തുവരുകയാണ്.
ALSO READ: നവവധു തൂങ്ങി മരിച്ച സംഭവം: ഭർത്താവിൻ്റെ സുഹൃത്തും മർദിച്ചതായി മൊഴി
ഈ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് പൊലീസ് കൈമാറി. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി എടുക്കാനാണ് പൊലീസ് നീക്കം. അതിനാല്‍ അഭിജിത്തിന്റെ മതാപിതാക്കളുടെതടക്കം മൊഴി പൊലീസ് രേഖപ്പെടുത്തും. ഒപ്പം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇരുവരും ബോധപൂര്‍വം പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. മരണത്തിന് തൊട്ടു മുന്‍പ് ഇന്ദുജക്ക് വന്ന കോള്‍ അജാസിന്റെതായിരുന്നു. തുടര്‍ന്ന് ഭര്‍തൃവീടിന്റെ രണ്ടാം നിലയിലേക്ക് പെണ്‍കുട്ടി കയറിപ്പോയി.
യുവതിയുടെ കണ്ണിലും തോളിലും മർദനമേറ്റ പാടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റിലാണ് പാടുകൾ കണ്ടത്തിയത്. ഭർതൃ വീട്ടിൽ ഭീഷണിയും മാനസിക പീഡനവും ഇന്ദുജയ്ക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ടന്നാണ് കുടുംബം പറയുന്നത്.
നാലുമാസം മുമ്പാണ് വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഇന്ദുജയുടെ കുടുംബത്തിൻ്റെ ആരോപണം. ഭര്‍തൃഗൃഹത്തില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. മകളെ അഭിജിത്ത് കൊന്നതാണെന്നാണും കുടുംബം ആരോപിക്കുന്നുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)