കൊല്ലം പൂരം നടത്തിയ ഉപദേശക സമിതിയെ പ്രതി ചേര്‍ത്തത് തെറ്റായ നടപടിയാണെന്നും ക്ഷേത്രം കമ്മിറ്റി പറഞ്ഞു.
കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയ സംഭവം ഉത്സവത്തെ കളങ്കപ്പെടുത്തിയ നടപടിയെന്ന് സംയുക്ത ക്ഷേത്രം കമ്മിറ്റി. പുതിയകാവ് ദേവീ ക്ഷേത്ര ഭാരവാഹികളെ രേഖാമൂലം പ്രതിഷേധം അറിയിക്കും. കൊല്ലം പൂരം നടത്തിയ ഉപദേശക സമിതിയെ പ്രതി ചേര്‍ത്തത് തെറ്റായ നടപടിയാണെന്നും ക്ഷേത്രം കമ്മിറ്റി പറഞ്ഞു.
പൊലീസ് നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കുമെന്നും പുതിയ കാവ് ദേവീക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തത് സ്വാഗതാര്‍ഹമാണെന്നും സംയുക്ത സമിതി പറഞ്ഞു. കുടമാറ്റത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കാമെന്നും കമ്മിറ്റി പറഞ്ഞു.
ALSO READ: കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം: പിന്നിൽ സ്വകാര്യ വ്യക്തികൾ എന്ന് റിപ്പോർട്ട്
കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ നവോഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.
താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേര്‍ന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആരോപണം.
എന്നാല്‍ കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രോപദേശക സമിതിക്കോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: 'മുനമ്പം നിവാസികളെ സംബന്ധിച്ച് നിര്‍ണായകം'; വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയില്‍
ഇത് മൂന്നാം വട്ടമാണ് കൊല്ലം ജില്ലയിലെ ഉത്സവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നത്. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവമായിരുന്നു ആദ്യത്തേത്. കോടതി ഇടപെട്ടതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. അതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതാണ് വിവാദമായത്.