മലബാറിനെയും ഒരു ജില്ലയെയും മുഖ്യമന്ത്രി ക്രിമിനൽ വൽക്കരിക്കുകയാണ്. ഇതിനു മുമ്പും മലപ്പുറത്തെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്
PR ഏജൻസിക്ക് എഴുതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതില്‍ തനിക്ക് സംശയമില്ലെന്ന് പി.വി. അൻവർ എംഎൽഎ. എന്തുകൊണ്ടാണ് പിആർ ഏജൻസിക്കോ, ഹിന്ദു പത്രത്തിനെതിരെയോ നടപടിയെടുക്കാത്തതെന്നും ആരോപണങ്ങളുയർന്നപ്പോള്‍ റെക്കോർഡ് ചെയ്ത അഭിമുഖം പുറത്തുവിടാൻ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. വിഷയം ചർച്ചയായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുന്നവെന്നും അൻവർ കൂട്ടിച്ചേർത്തു.
മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുന്നു
മലബാറിനെയും, ഒരു ജില്ലയെയും മുഖ്യമന്ത്രി ക്രിമിനൽവൽക്കരിക്കുകയാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. ഇതിനു മുമ്പും മലബാറിനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. അത് ഒരു സമുദായത്തെ മാത്രമല്ല, ആളുകളെയും ബാധിക്കും. സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പരിപൂർണ ഉത്തരവാദിത്തം ഉണ്ട്. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ച മുഖ്യമന്ത്രി രാജിവെച്ച് മാപ്പ് പറയണം. റിയാസിനോ, വീണക്കോ മുഖ്യമന്ത്രി സ്ഥാനം നൽകി പിണറായി വിജയൻ ഒഴിയണമെന്നും പി.വി അൻവർ പരിഹസിച്ചു.
ALSO READ : തൃശൂർ പൂര വിവാദം; പുനരന്വേഷണ പ്രഖ്യാപനം ഇന്ന്, കമ്മീഷണർക്കെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിന്? ഓഡിയോ റെക്കോർഡ് പുറത്തുവിടാത്തതിൽ സിപിഎം വിശദീകരണം നല്‍കണം. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണം എവിടെയും എത്താത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ നിലവാരത്താഴ്ച പാർട്ടിയെ ക്ഷീണിപ്പിക്കുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ പോരാട്ടം തുടരും.
പാര്‍ട്ടി രൂപീകരണം
പാർട്ടി രൂപീകരണത്തിൽ എംഎൽഎ പദവി നിയമതടസമാകുമെങ്കിൽ ഒഴിയുമെന്നും അൻവർ പറഞ്ഞു. പാർട്ടി നയം ഞായറാഴ്ച ജനങ്ങളുമായി പങ്കുവെക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കെ.ടി. ജലീൽ മറ്റാരുടെയോ കാലിലാണ് നിൽക്കുന്നത്. കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ചാഞ്ചാട്ടം. താൻ ആരുടെയും പിന്തുണ ഒരു കാലത്തും തേടിയിട്ടില്ല. സാധാരണക്കാരുടെ സഹായം മാത്രമാണ് ഉള്ളത്. തന്നെ കാണാൻ വന്ന നിലമ്പൂർ ആയിഷയുടെ മനസ് എവിടെ എന്ന് തനിക്കറിയാം. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി സ്ഥിരമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു.