ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല എന്ന രീതിയിൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നും പി.വി. അൻവർ വ്യക്തമാക്കി
നിലമ്പൂരിലെ ഇടത് സഖാക്കളെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് പി.വി. അൻവർ എംഎൽഎയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല എന്ന രീതിയിൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നും പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചാലും ചോദ്യങ്ങൾ ഇല്ലാതാവില്ലെന്നും പി.വി. അൻവർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തൻ്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ. അവരെ ഒരു കാരണവശാലും തള്ളിപ്പറയില്ല. ചില പുഴുക്കളോടെ എതിർപ്പുള്ളു എന്നും പാർട്ടിയോടോ സഖാക്കളോടെ അതില്ലെന്നും അൻവർ പോസ്റ്റിലൂടെ വ്യക്തമാക്കി.
അൻവറിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം
"ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല: പി.വി. അൻവർ"
ഈ തലക്കെട്ടോടെ കൂടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ. അതിൽ ഒരാളെ പോലും തള്ളിപ്പറയാൻ എനിക്ക് കഴിയില്ല. അവരോട് അന്നും, ഇന്നും ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി. അൻവറിൽ നിന്ന് ഉണ്ടാവില്ല. ചില പുഴുക്കളോടെയെ എതിർപ്പുള്ളൂ. പാർട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജസ്ക്രീൻഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല.
ALSO READ: പൂരം കലക്കല്‍: എഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടുന്നതുവരെ കാത്തിരിക്കാം; പ്രതികരണം അതുകഴിഞ്ഞാകാം: കെ. രാജന്‍
നേരത്തെയും പാർട്ടിയോട് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന അൻവറിൻ്റെ കുറിപ്പുകൾ എത്തിയിരുന്നു. മരണം വരെ ചെങ്കൊടി തണലിൽ തുടരുമെന്നും എന്നെ ഞാനാക്കിയ പ്രസ്ഥാനം വിടില്ലെന്നുമായിരുന്നു പി .വി. അൻവർ അന്ന് കുറിച്ചത്. എഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവർ പാർട്ടി വിടുമെന്ന പ്രചാരണം ഉയർന്നതോടെയായിരുന്നു അൻവറിൻ്റെ പ്രതികരണം.