അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് ചേർന്നു
റീ സെൻസേർഡ് എമ്പുരാൻ നാളെ മുതൽ തിയേറ്ററുകളിൽ. വെട്ടൽ ഇന്ന് പൂർത്തിയാക്കി. മൂന്ന് മിനുട്ട് ഭാഗമാണ് ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയത്. എന്നാൽ, നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരമുള്ള 17 വെട്ടുകൾ ഇല്ലെന്ന് സൂചനയുണ്ട്. അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് ചേർന്നു. സെൻസർ ബോർഡ് അനുമതി നൽകിയത് അല്പം മുൻപാണ്. ഉടൻ റീ എഡിറ്റ് നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡാണ് എന്നാണ് സൂചന.
അതേസമയം, വിദേശ കളക്ഷനിൽ നിന്ന് 10 മില്യൺ ഡോളർ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ. ഈ സന്തോഷം മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നു എന്ന് ആരോപിച്ച് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് മോഹന്‍ലാല്‍ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ സംഘപരിവാർ ഗ്രൂപ്പുകളില്‍ നിന്ന് നേരിടുന്നത്. ആർഎസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവർത്തകരെയും രൂക്ഷമായി വിമർശിച്ചിരുന്നു. സൈബർ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രധാന കഥാപാത്രമായ മോഹൻലാൽ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് നടൻ അറിയിച്ചു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കുമെന്നും താരം അറിയിച്ചു. സംവിധായകന്‍ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയറും ചെയ്തു.
എമ്പുരാൻ സിനിമയ്‌ക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ അണിയറ പ്രവർത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രാജ്യം കണ്ട വലിയ വംശഹത്യ ചിത്രീകരിച്ചതിന്റെ പേരിൽ കലാകാരന്മാരെ നീചമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമക്കെതിരായ സംഘപരിവാർ ആക്രമണങ്ങളെ പ്രതിപക്ഷ നേതാവും അപലപിച്ചു.