ടൈപ്പ് കാസ്റ്റിങ്ങിന് വല്ലാത്ത തോതില്‍ വിധേയയാക്കപ്പെട്ട നടിയായിരുന്നു മീന. ഒരേ സ്വഭാവമുള്ള അമ്മയായും അമ്മായിയമ്മയായും ഒട്ടനവധി സിനിമകളില്‍ അവര്‍ വന്നു പോയി
അശോകന് ക്ഷീണമാകാം, നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടേ... ഇന്ന് സോഷ്യല്‍മീഡിയയിലും നമ്മുടെ ഡെയിലി ലൈഫിലും ഒരുവട്ടമെങ്കിലും കടന്നുപോകുന്ന മീമുകളും ഡയലോഗുകളുമാണ് ഇതൊക്കെ. കഥാപാത്രങ്ങളുടെ പേര് പെട്ടെന്ന് മനസ്സില്‍ വന്നില്ലെങ്കിലും ഈ സിനിമകളും ഈ ഡയലോഗുകള്‍ പറഞ്ഞ നടിയും മലയാളിക്ക് സുപരിചിതയാണ്.
എന്നും ഓര്‍ത്തുവെക്കാനും വീണ്ടും വീണ്ടും കാണാനും അനവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മീന എന്ന നടി മലയാള സിനിമയോടും മലയാളികളോടും യാത്ര പറഞ്ഞു പോയിട്ട് 28 വര്‍ഷമാകുന്നു. ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങാന്‍ പ്രതിഭകള്‍ക്ക് ഒട്ടും ക്ഷാമമില്ലാതെ അനുഗ്രഹിക്കപ്പെട്ടതാണ് മലയാള സിനിമ. നടന്മാരായാലും നടിമാരായാലും പ്രതിഭകളുടെ ആ നിര നീണ്ടു കിടക്കുകയാണ്.
അതില്‍ ഒരിടം നേടുക എന്നത് വളരെയേറെ പ്രയാസമേറിയ കാര്യമാണ്. കെപിഎസി ലളിത, സുകുമാരി, ഫിലോമിന, കവിയൂര്‍ പൊന്നമ്മ, അടൂര്‍ പങ്കജം, അടൂര്‍ ഭവാനി അങ്ങനെ മലയാള നാടക-സിനിമാ രംഗത്തെ അലങ്കാരങ്ങളായിരുന്നവരുടെ പട്ടികയില്‍ സ്വതസിദ്ധമായ ശൈലി കൊണ്ട് ഇടംപിടിച്ച നടിയാണ് മീന.
അറുപത് മുതല്‍ തൊണ്ണൂറുകള്‍ വരെ മലയാള സിനിമയില്‍ നിത്യസാന്നിധ്യമായിരുന്ന നടി. വില്ലന്‍ വേഷങ്ങളും നര്‍മ കഥാപാത്രങ്ങളുമെല്ലാം ആ കൈകളില്‍ ഭദ്രമായിരുന്നു. സ്ത്രീധനത്തിലെ ദുഷ്ടയായ അമ്മായി അമ്മയായും നാടോടിക്കാറ്റിലെ നായിക രാധയുടെ അമ്മയായും, അനിയത്തിയോടും കുടുംബത്തോടും മത്സരബുദ്ധിയോടെ മാത്രം പെരുമാറുന്ന യോദ്ധയിലെ വസുമതി വല്യമ്മയായും.. അങ്ങനെ നാനൂറോളം സിനിമകളില്‍ മീന നടത്തിയ പകര്‍ന്നാട്ടങ്ങള്‍.
ഈ നടിയുടെ പ്രതിഭയുടെ വ്യാപ്തി തിരിച്ചറിയുന്ന എത്രപേര്‍ പുതിയ കാലത്തുണ്ടെന്ന് അറിയില്ല. പക്ഷേ, അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളും സംഭാഷണങ്ങളും തലമുറ കൈമാറി ഈ കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
1941 ഏപ്രില്‍ 23 ന് ഹരിപ്പാടിനടുത്തുള്ള കരുവാറ്റയില്‍ ജനിച്ച മേരി എന്ന പെണ്‍കുട്ടി. കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയാമ്മയുടെയും ഇളയ മകള്‍. നാട്ടിലെ കലാ സമിതികളിലെ നാടകങ്ങളില്‍ കുട്ടിക്കാലം തൊട്ട് അഭിനയിച്ചു തുടങ്ങിയ ആ പെണ്‍കുട്ടി പിന്നീട് അറിയപ്പെടുന്ന നാടക നടിയായി. പിന്നാലെ സിനിമയിലേക്കും കടന്നു. 1964 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനി ആയിരുന്നു ആദ്യ സിനിമ.
ഒപ്പം അഭിനയിച്ചവര്‍ മലയാള സിനിമാ ചരിത്രത്തിലെ അതികായരായ തിക്കുറിശ്ശി, അടൂര്‍ ഭാസി, പ്രേം നസീര്‍ എന്നിവര്‍. മീന എന്ന സിനിമാ നടി അവിടെ ജനിച്ചു. മരി ജോസഫിനെ ആദ്യ സിനിമയുടെ ടൈറ്റിലില്‍ അണിയറക്കാര്‍ പരിചയപ്പെടുത്തിയ പേര് മീന കുമാരി എന്നായിരുന്നു. പിന്നീട് മീനയെന്നായി മാറി.
പിന്നീടിങ്ങോട്ട് 1997 ല്‍ മരണം വരെ മീനയെന്ന നടി മലയാള സിനിമയ്ക്ക് ഒപ്പം നടന്നു. മീന അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയുണ്ട്, മൂന്ന് പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തില്‍ അഭിനയിച്ചത് അറുനൂറോളം സിനിമകള്‍. ടൈപ്പ് കാസ്റ്റിങ്ങിന് വല്ലാത്ത തോതില്‍ വിധേയയാക്കപ്പെട്ട നടിയായിരുന്നു മീന. ഒരേ സ്വഭാവമുള്ള അമ്മയായും അമ്മായിയമ്മയായും ഒട്ടനവധി സിനിമകളില്‍ അവര്‍ വന്നു പോയി. ആവര്‍ത്തനവിരസതയുള്ള കഥാപാത്രങ്ങള്‍ തേടി വന്നപ്പോള്‍ അതിനോട് നോ പറയാതെ, ഓരോ കഥാപാത്രത്തേയും മാനറിസത്തിലൂടെ വ്യത്യസ്തമാക്കാനാണ് നാടകത്തട്ടിലൂടെ അഭ്രപാളിയിലെത്തിയ മീന ശ്രമിച്ചത്.
പൂക്കാലം വരവായി എന്ന ചിത്രത്തിലെ വല്യേച്ചിയെന്ന കഥാപാത്രത്തെ എടുക്കാം, നായകനായ മുരളിയുടെ വല്യേച്ചിയായ കഥാപാത്രം. മുരളിയുടെ ഭാര്യ ഗീതയുടെ വീട്ടുകാരോട് കടുത്ത വാശിയും വൈരാഗ്യവും പുലര്‍ത്തുന്നവരാണ് ജഗതിയുടേയും മീനയുടേയും കഥാപാത്രങ്ങള്‍. സഹോദരന്റെ ഭാര്യയോടും അവരുടെ കുടുംബത്തോടും ഇരുവര്‍ക്കുമുള്ള അസൂയയും വെറുപ്പും അവരുടെ ഓരോ ചലനത്തിലും വാക്കുകളിലും മുഖഭാവത്തിലും സ്പഷ്ടമാണ്.
സിദ്ദീഖ്-ലാലിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. സിനിമയില്‍ റഹ്‌മാനും തിലകനും മോഹന്‍ലാലുമൊക്കെ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തില്‍ മീന അവതരിപ്പിക്കുന്ന അമ്മിണി എന്ന കഥാപാത്രമുണ്ട്. അമ്മാവനായ ബഹദൂറിന്റെ സ്വത്തിനുവേണ്ടി അദ്ദേഹത്തിന്റെ മരണത്തിനായി കാത്തുനില്‍ക്കുന്ന ബന്ധുക്കളില്‍ ഒരാള്‍ മാത്രമാണ് ഈ കഥാപാത്രം. ബഹദൂര്‍ മരിച്ചുകിടക്കുന്ന സീനില്‍ മൃതദേഹത്തിനരികിലെത്തി മോതിരം ഊരിമാറ്റാന്‍ ശ്രമിക്കുന്ന രംഗമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെപ്പോഴോ കണ്ടതാണെങ്കിലും ഇന്നും ആ സീന്‍ അതുപോലെ മനസ്സില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് മീന എന്ന നടിയുടെ വിജയമാണ്.
ALSO READ: "ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് സ്തംഭിച്ചുപോയി"; തുടരും നല്ലൊരു ഫാമിലി ഡ്രാമയെന്ന് ശോഭന
സഫാരി ചാനലില്‍ ജോണ്‍ പോള്‍ അവതരിപ്പിച്ചിരുന്ന സ്മൃതി എന്നൊരു പ്രോഗാമുണ്ട്. മലയാള സിനിമയിലെ അതികായരെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളാണ് ജോണ്‍ പോള്‍ വിവരിച്ചത്. അതില്‍ ഒരു എപ്പിസോഡ് മീനയെ കുറിച്ചാണ്. ദുഷ്ടയും ക്രൂരയുമായ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തയായ മീന എന്ന മനുഷ്യനെ കുറിച്ച് ജോണ്‍ പോള്‍ വിവരിക്കുന്നുണ്ട്.
വെള്ളിത്തിരയ്ക്ക് പുറത്ത് സൗമ്യയും സഹൃദയുമായ തനിക്ക് അത്തരം കഥാപാത്രങ്ങള്‍ അധികം വരുന്നില്ലല്ലോ എന്ന് പരിതപിച്ച മീനയെ കുറിച്ച് ജോണ്‍ പോള്‍ പറയുന്നുണ്ട്. ആ പരിതാപനത്തിന് അദ്ദേഹം നല്‍കിയ ആശ്വാസവാക്കുകള്‍ തന്നെയാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കും നന്ദിയോടെ പറയാനുള്ളത്.
നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളായി അഭിനയിക്കുമ്പോള്‍ അത് കാണുന്ന പ്രേക്ഷകന് കല്ലുകടി തോന്നുന്നില്ലെങ്കില്‍, അതില്‍ സ്വാഭാവികത അനുഭവപ്പെടുന്നെങ്കില്‍ അതല്ലേ നിങ്ങളുടെ വിജയം...
അതേ, ഒരേ പോലുള്ള കഥാപാത്രങ്ങള്‍ പതിവായി തേടി വന്നപ്പോഴും ശരീരഭാഷ കൊണ്ടും വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ കൊണ്ടും സംസാര രീതി കൊണ്ടുമൊക്കെ വ്യത്യസ്തത കൊണ്ടുവരാന്‍ മീനയ്ക്കായി. ക്ലീഷേ വേഷങ്ങളില്‍ അവരെ പതിവായി കണ്ടപ്പോഴും പ്രേക്ഷകര്‍ക്ക് കല്ലുകടിയുണ്ടായില്ല. അധികം ആര്‍ക്കും അറിയാത്ത മീനയെന്ന സഹജീവി സ്നേഹിയെ കുറിച്ചുള്ള പഴയകാല സിനിമാ സെറ്റുകളെ ചുറ്റിപ്പറ്റിയുണ്ട്.
കോടമ്പാക്കത്തെ മീനയുടെ വീട്ടില്‍ എന്നും അഞ്ച് പേര്‍ക്കുള്ള ആഹാരം കാണും. തനിക്കൊപ്പം എത്തുന്ന അതിഥികള്‍ക്കോ സിനിമയിലെ പ്രമുഖര്‍ക്കോ വേണ്ടിയായിരുന്നില്ല അത്, സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടിയായിരുന്നു ആ ഭക്ഷണം കരുതിയിരുന്നത്.
സത്യന്‍ അന്തിക്കാടിന്റെ സെറ്റില്‍ സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മനസ്സിലായപ്പോള്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് ഭക്ഷണമെത്തിച്ച സ്ത്രീയെ കുറിച്ച് ജോണ്‍ പോള്‍ തന്നെ പറയുന്നുണ്ട്. എണ്‍പതുകളും തൊണ്ണൂറുകളുമാണ് മീനയെന്ന നടിയുടെ അഭിനയ ജീവിതത്തിലെ സുവര്‍ണകാലം.
നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച ഒരുപിടി സിനിമകള്‍ ഇറങ്ങിയ ഗോള്‍ഡന്‍ എറ. സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍ ബി.എ.ബിഎഡ്, അനിയന്‍ ബാവ ചെട്ടന്‍ ബാവ, മിധുനം, സ്ത്രീധനം, മേലേപ്പറമ്പില്‍ ആണ്‍വീട്, അയലത്തെ അദ്ദേഹം, യോദ്ധാ, നാടോടിക്കാറ്റ്, മഴവില്‍ക്കാവടി, വരവേല്‍പ്പ്... അങ്ങനെ എണ്ണിത്തീര്‍ക്കാനാകാത്ത സിനിമകള്‍, ഈ സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്തി വലിയ ഇംപാക്ടുണ്ടാക്കിയ ആര്‍ട്ടിസ്റ്റ്.
മീന ചെയ്ത കഥാപാത്രങ്ങളില്‍ വ്യക്തിപരമായി ഏറ്റവും ഇഷ്ടം മേലെപ്പറമ്പിലെ ആണ്‍വീട്ടിലെ അമ്മയെയാണ്. സ്വത്തും പണവുമെല്ലാം ഉണ്ടായിട്ടും ആണുങ്ങള്‍ മാത്രമുള്ള വീട്ടിനുള്ളില്‍ കിടന്ന് കഷ്ടപ്പെടുന്ന അമ്മ. അന്നുവരെ ഗൗരവ സ്വഭാവമുള്ള കഥാപാത്രമായി മാത്രം മലയാളികള്‍ കണ്ട നരേന്ദ്ര പ്രസാദിന്റെ പുതിയൊരു മുഖം കാണിച്ചു തന്ന രാജസേനന്‍ സിനിമ. ഇപ്പോഴും കണ്ടാല്‍ ചിരി പടര്‍ത്തുന്ന ഒട്ടനവധി രംഗങ്ങളുള്ള ഈ സിനിമയില്‍ നരേന്ദ്ര പ്രസാദ്, ജഗതി, ജനാര്‍ദനന്‍, വിജയരാഘവന്‍, ജയറാം എന്നിവര്‍ക്കുമേല്‍ മീനയുടെ കഥാപാത്രം പ്രിയപ്പെട്ടതാകുന്നതെങ്കില്‍ ഇന്നും അത് ആഘോഷിക്കപ്പെടുന്നെങ്കില്‍ നടിയെന്ന നിലയില്‍ അവര്‍ ഒരു അത്ഭുതം തന്നെയാണ്.