fbwpx
'മോദി ജന്മനാ പിന്നാക്ക വിഭാഗക്കാരനല്ല'; വിവാദ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
logo

ന്യൂസ് ഡെസ്ക്

Posted : 15 Feb, 2025 06:19 PM

തെലങ്കാനയിൽ ജാതി സർവേയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകിയിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന

NATIONAL


പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ പിന്നാക്ക വിഭാ​ഗത്തിൽ നിന്നുള്ള ആളല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിയമപരമായി പരിവർത്തനം ചെയ്യപ്പെട്ട പിന്നാക്ക വിഭാഗത്തിലാണ് മോദി ഉൾപ്പെടുന്നതെന്നാണ് രേവന്ത് റെഡ്ഡിയുടെ വാദം. തെലങ്കാനയിൽ ജാതി സർവേയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകിയിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.

2001-ൽ ​ഗുജറാത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് പ്രധാനമന്ത്രി മോദി ഉൾപ്പെടുന്ന ജാതിയെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ചേർത്തതതെന്നാണ് രേവന്ത് റെഡ്ഡിയുടെ അവകാശവാദം. രേവന്ത് റെഡ്ഡിയുടെ വാദങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ രേവന്ത് റെഡ്ഡി പരാജയപ്പെട്ടെന്നും അദ്ദേഹം ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നുമാണ് ബിജെപിയുടെ ആരോപണം.


Also Read: മഹാകുംഭമേള രാഷ്ട്രീയ പ്രചരണ വേദിയാക്കി ആർഎസ്എസ്; പ്രയാ​ഗ് രാജിൽ സംഘടിപ്പിച്ചത് പത്തോളം മഹാകൂട്ടായ്മകള്‍


വെള്ളിയാഴ്ച നടന്ന കോൺ​ഗ്രസ് പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന. "പിന്നാക്ക വിഭാ​ഗത്തിൽ നിന്നാണെന്നാണ് പ്രധാനമന്ത്രി മോദിയുടെ അവകാശവാദം. എന്നാൽ അദ്ദേഹം ജന്മനാൽ പിന്നാക്ക വിഭാ​ഗത്തിൽ നിന്നുള്ള ആളല്ല. അദ്ദേഹം നിയമപരമായി പരിവർത്തനപ്പെട്ട പിന്നാക്ക വിഭാ​ഗക്കാരനാണ്. എന്റെ വാക്കുകൾ ഞാൻ സൂക്ഷിച്ചാണ് ഉപയോ​ഗിക്കുന്നത്. 2001 ൽ മുഖ്യമന്ത്രി ആകും വരെ അദ്ദേഹം മുന്നോക്ക ജാതിയിൽ നിന്നുള്ള ആളാണ്. മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹത്തിന്റെ ജാതിയുടെ സ്ഥാനം മുന്നോക്കത്തിൽ നിന്നും പിന്നാക്കത്തിലേക്ക് മാറ്റി നിയമ നിർമാണം നടത്തി. പിന്നാക്ക വിഭാ​ഗത്തിൽ നിന്നുള്ള ആളെന്ന നിലയ്ക്കാണ് താൻ ഈ കസേരയിൽ ഇരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് ചിലപ്പോൾ പിന്നാക്ക വിഭാ​ഗത്തിന്റെ ജാതി സർട്ടിഫിക്കറ്റുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ ചിന്താ​ഗതി പിന്നാക്ക വിഭാ​ഗ വിരുദ്ധമാണ്", രേവന്ത് റെഡ്ഡി പറ‍ഞ്ഞു.


Also Read: ശീഷ്‌ മഹൽ മോടി പിടിപ്പിക്കല്‍; ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ


കോൺ​ഗ്രസ് നേതാക്കളെ സന്തോഷിപ്പിക്കാനാണ് രേവന്ത് റെഡ്ഡി മോദിയുടെ ജാതിയെപ്പറ്റി പരാമർശം നടത്തിയതെന്ന് ബിജെപി ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് കെ. ലക്ഷ്മൺ പറഞ്ഞു. കഴിഞ്ഞ വർഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും സമാനമായ പരാമർശം നടത്തിയിരുന്നതായി ലക്ഷ്മൺ ഓർമിപ്പിച്ചു. രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിനു പിന്നാലെ വിശദീകരണവുമായി ദേശീയ പിന്നാക്ക കമ്മീഷൻ രം​ഗത്തെത്തിയിരുന്നു. 1994 ജൂലൈ 25 നാണ് ഗുജറാത്ത് സർക്കാർ മോദ് ഗഞ്ചി വിഭാഗത്തെ ഒബിസി സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം.


Also Read: 'വലിയ ചില ആശങ്കകൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു'; മോദി-ട്രംപ് കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ശശി തരൂർ


അതേസമയം, ജാതി സർവേ തെലങ്കാനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സൃഷ്ടിച്ചിട്ടും രണ്ടാം ഘട്ടവുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. ആദ്യ ഘട്ടത്തിൽ പങ്കെടുക്കാത്ത സംസ്ഥാനത്തെ ജനസംഖ്യയുടെ 3.1 ശതമാനം പേരെ ഉൾപ്പെടുത്തിയാണ് രണ്ടാം സർവേ നടത്തുകയെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഞായറാഴ്ച മുതൽ ഫെബ്രുവരി 28 വരെയാകും സർവേ. ഫെബ്രുവരി 4 നാണ് തെലങ്കാന സർക്കാർ നിയമസഭയിൽ ജാതി സർവേയുടെ ആദ്യ ഘട്ടമെന്ന നിലയ്ക്ക് ചില വിശദാംശങ്ങൾ സമർപ്പിച്ചത്. എന്നാൽ ഇവ സമ​ഗ്രമല്ലെന്നായിരുന്നു ബിജെപിയുടെയും ബിആർഎസിന്റെയും നിലപാട്. കോൺഗ്രസിനുള്ളിലെ ചില നേതാക്കളും ഈ കണക്കുകളിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു.

Also Read
user
Share This

Popular

CHAMPIONS TROPHY 2025
KERALA
India vs New Zealand Final Highlights | ഇന്ത്യ ചാംപ്യൻസ് ട്രോഫി ജേതാക്കൾ, ദുബായിൽ ചരിത്രവിജയം