സ്വകാര്യ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് പണം തട്ടുന്ന സംഘങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്
രാജ്യത്ത് ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
സ്വകാര്യ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് പണം തട്ടുന്ന സംഘങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കാണിച്ച് ഫോണിലേക്കാണ് സംഘങ്ങൾ സന്ദേശം അയക്കുക. പൊലീസാണെന്ന് പറഞ്ഞാണ് സന്ദേശം അയക്കുന്നത്. ഇതിൽ പിഴ തുകയും അടക്കേണ്ട ഓൺലൈൻ ലിങ്കും ആണ് ഉണ്ടാകുക.
ALSO READ: സ്വദേശിവത്കരണം: സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം നിർണായകമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം
ഔദ്യോഗിക സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ലിങ്കിൽ ക്ലിക് ചെയ്തതോടെയാണ് പലർക്കും ഇത് തട്ടിപ്പാണെന്നു മനസ്സിലാവുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം ലഭിച്ചവരുടെ സ്വകാര്യ, ബാങ്ക് വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചെടുക്കുകയും ചെയ്യും.
സംഘടിത ഓൺലൈൻ തട്ടിപ്പാണ് ഇതെന്നാണ് ഒമാൻ പൊലീസ് പറയുന്നത്. രാജ്യത്തെ പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും, ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ ഫോണുകളിലേക്ക് വരുന്ന അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് അറിയിച്ചു.
സന്ദേശം വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ ബാങ്കിംഗ് ഡാറ്റയുൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാവൂ എന്നും ഇത്തരം തട്ടിപ്പുകൾ ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.