fbwpx
സംഘര്‍ഷഭരിതമാകുന്ന സംഭല്‍; ബാബ്റിക്ക് പിന്നാലെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Dec, 2024 07:24 PM

3000ത്തോളം ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുക എന്നതായിരുന്നു ഹിന്ദു മഹാസഭയുടെ അന്നത്തെ സമ്മേളനത്തിൻ്റെ ലക്ഷ്യം

NATIONAL


ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ബാബ്‌റി മസ്ജിദ് പള്ളി തകര്‍ത്തിട്ട് ഇന്ന് 32 വര്‍ഷം തികയുകയാണ്. അതേ നാട്ടില്‍, സംഭല്‍ എന്ന ജില്ലയിലെ ബാബര്‍ തന്നെ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന മറ്റൊരു പള്ളിയില്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 12 ദിവസമാകുന്നു. ഷാഹി ജമാ മസ്ജിദിലെ സര്‍വേ നടത്താന്‍ അധികൃതര്‍ എത്തുന്നതോട് കൂടിയാണ് സംഭലില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്.

ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് പള്ളി പണിതത് എന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍വേ നടത്താന്‍ സംഭല്‍ ജില്ലാ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അധികൃതര്‍ സര്‍വേ നടപടികളുമായി മുന്നോട്ട് പോയത്. കോടതി ഉത്തരവിന് മുമ്പ് നവംബര്‍ 19ന് ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. എന്നാല്‍ അന്ന് നടത്തിയ പരിശോധനയിലും ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും വീണ്ടും നടത്തിയ സര്‍വേയില്‍ പ്രതിഷേധിച്ച ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടാവുകയായിരുന്നു.

സംഭലിലെ ഷാഹി ജമാ മസ്ജിദിലെ സര്‍വേ ഓര്‍മിപ്പിക്കുന്നത് യുപിയിലെ തന്നെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ നേരത്തെ നടത്തിയിട്ടുള്ള സര്‍വേയാണ്. ബാബ്‌റി മസ്ജിദ് പള്ളി തകര്‍ത്ത് രാമക്ഷേത്രം പണിതതിന് സമാനമായി, മഥുരയിലെയും കാശിയിലെയും മുസ്ലീം പള്ളികള്‍ നിന്ന സ്ഥലം സ്വതന്ത്രമാക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെയും ബിജെപിയുടെയും ഏറെ കാലങ്ങളായുള്ള ആഗ്രഹവും ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി തന്നെ വേണം, സംഭലിലെ പള്ളിയില്‍ നടത്തുന്ന സര്‍വേയെയും കണക്കാക്കാന്‍.


ALSO READ: ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവ്; കർസേവകർ ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 32 വർഷം


മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ കാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും, 17-ാം നൂറ്റാണ്ടിലെ മുഗള്‍ കാലഘട്ടത്തിലെ മസ്ജിദ്, ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നുമാണ് ഹിന്ദുത്വ വാദികളുടെ അവകാശ വാദം. 2022 ഡിസംബറില്‍ പ്രാദേശിക കോടതി ആവശ്യം അംഗീകരിച്ചെങ്കിലും, മുസ്ലീം വിഭാഗം ഹൈക്കോടതിയില്‍ എതിര്‍പ്പ് ഫയല്‍ ചെയ്തിരുന്നു. ഗ്യാന്‍വാപി മസ്ജിദിന് ശേഷം, സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയ രണ്ടാമത്തെ ക്ഷേത്ര-മസ്ജിദ് തര്‍ക്കമായിരുന്നു കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസ്. ഇതുവരെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവിടങ്ങളെ സംബന്ധിക്കുന്ന 12ഓളം കേസുകള്‍ മഥുര ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കത്ര കേശവ് ദേവ് ക്ഷേത്രവുമായി പങ്കിടുന്ന 13.77 ഏക്കര്‍ സമുച്ചയത്തില്‍ നിന്ന് മസ്ജിദ് നീക്കം ചെയ്യുകയെന്നതാണ് എല്ലാ ഹര്‍ജികളിലെയും പൊതുവായ ആവശ്യം.

1984ല്‍ ധര്‍മ സന്‍സദ്, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ യോഗത്തിലെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഉത്തര്‍പ്രദേശിലെ ഫൈസാബാദ് (ഇന്നത്തെ അയോധ്യ), കാശി, മഥുര എന്നിവിടങ്ങളിലെ പ്രസിദ്ധമായ മുസ്ലീം പള്ളികള്‍ പൊളിച്ച് ഈ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കണമെന്നത്. അക്കാലം മുതല്‍ സംഘപരിവാര്‍ മന്ത്രം പോലെ ഉരുവിടുന്നതാണ് 'അയോധ്യ ബാബ്‌റി സിര്‍ഫ് ജാന്‍കി ഹേ, കാശി-മഥുര ബാക്കി ഹേ' (അയോധ്യയും ബാബ്‌റിയും ഒരു തുടക്കം മാത്രം, കാശിയും മഥുരയും പിന്നാലെ) എന്ന മുദ്രാവാക്യം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള സംഘപരിവാറിന്റെ ആദ്യ ശ്രമമായാണ് കര്‍സേവകര്‍ ചേര്‍ന്ന് ബാബ്‌റി മസ്ജിദ് പള്ളി പൊളിച്ച നടപടിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 'മന്ദിര്‍ വഹി ബനായേംഗേ... ഉസ്‌കോ കോന്‍ രോകേഗാ... കോന്‍ സി സര്‍ക്കാര്‍ രോക്‌നി വാലി ഹേ..,' (അവിടെ ക്ഷേത്രം പണിയും, അതാര് തടയുമെന്ന് കാണട്ടെ, ഏത് സര്‍ക്കാര്‍ തടയുമെന്ന് കാണട്ടെ) ഇങ്ങനെയായിരുന്നു 1992ലെ അയോധ്യയിലെ രഥയാത്രയ്ക്കിടയില്‍ മതേതരത്വത്തിന്റെ അടിത്തറയിളക്കിക്കൊണ്ട് എല്‍.കെ. അദ്വാനി പ്രസംഗിച്ചത്.


ALSO READ: മൂന്ന് താഴികക്കുടങ്ങളുള്ള ആ മന്ദിരം


1500 കാലഘട്ടത്തില്‍ ബാബര്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന പള്ളി തകര്‍ക്കുന്നതിനായി, ബിജെപിയും തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരും ഉന്നയിച്ചുകൊണ്ടിരുന്ന വാദം, "പ്രസ്തുത മസ്ജിദ് പണിതിരിക്കുന്നത് ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ്," എന്നാണ്. ഇതേവാദം തന്നെയാണ് ഷാഹി ഈദ് ഗാഹ് പള്ളി പൊളിച്ച് മഥുരയെ സ്വതന്ത്രമാക്കാനും ഗ്യാന്‍ വാപി മസ്ജിദ് പൊളിച്ച് കാശിയെ സ്വതന്ത്രമാക്കാനും തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരും ബിജെപിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അയോധ്യ രാമക്ഷേത്രം പൂര്‍ണമാവുന്നു എന്ന സാഹചര്യമെത്തിയതോടെ വരാണാസിയിലെ (കാശി) ഷാഹി ഈദ് ഗാഹ് പള്ളിക്കും മഥുരയിലെ ഗ്യാന്‍വാപി മസ്ജിദിനുമെതിരെയും കരുനീക്കമാരംഭിച്ചു. പള്ളികളില്‍ സര്‍വേ നടത്തുന്നതിനായി കോടതികളില്‍ നിന്ന് അനുമതിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

1984ലെ ധര്‍മ സന്‍സദ്, വിശ്വഹിന്ദു പരിഷത് സംഘടനകള്‍ നടത്തിയ യോഗത്തില്‍ എടുത്ത ഒരു തീരുമാനം 3000 ത്തോളം ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കുക എന്നതായിരുന്നു. അതിലേക്കുള്ള ഓരോ ചുവടും കൃത്യമായി, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെ ഹിന്ദുത്വ സംഘടനകളും പ്രവര്‍ത്തകരും നടത്തുമ്പോള്‍ "ജനാധിപത്യ, മതേതര ഇന്ത്യ"യെന്ന പേര് ഇനിയെത്ര നാള്‍ കൂടി രാജ്യത്തിന് സ്വന്തമായിരിക്കും?

Also Read
user
Share This

Popular

KERALA
KERALA
മുശാവറ യോഗത്തില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; ഉമര്‍ ഫൈസി കള്ളനെന്ന് വിളിച്ചത് എന്നെ ലക്ഷ്യംവെച്ച്: ബഹാഉദ്ധീന്‍ നദ്‌വി