ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം
ഇടുക്കി കുമളിയില്‍ നാലര വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാനമ്മ അനീഷയ്ക്ക് 15 വർഷം കഠിന തടവ് വിധിച്ച് തൊടുപുഴ കോടതി. പിതാവ് ഷെരീഫിന് ഒൻപത് വർഷം തടവും കോടതി വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതി അനീഷ രണ്ട് ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്.
ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
കുട്ടിയെ പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.