അജാസിൻ്റെ ആദ്യ ഭാര്യയിലെ മകളായ മുസ്കൻ ജീവിതത്തിൽ തടസമാകുമോ എന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി അനീഷ പറയുന്നത്
കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ഭർത്താവിനെ നഷ്ടമാകുമോ എന്ന ഭയത്താലാണെന്ന് പൊലീസ്. കൊലപാതകത്തിൽ അനീഷക്ക് മാത്രമാണ് പങ്കുള്ളത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ALSO READ: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
അജാസിൻ്റെ ആദ്യ ഭാര്യയിലെ മകളായ മുസ്കൻ ജീവിതത്തിൽ തടസമാകുമോ എന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി അനീഷ പറയുന്നത്. ഗർഭിണിയായ പ്രതിക്ക് കുഞ്ഞ് ജനിക്കുന്നതോടെ മുസ്‌കന്‍ തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്നതായിരുന്നു അനീഷയുടെ പേടി. അതോടൊപ്പം മുസ്കനെ കാണാനെത്തുന്ന ആദ്യ ഭാര്യയുമായി അജാസ് ഒന്നിക്കുമോ എന്ന ഭയവും അനീഷക്ക് ഉണ്ടായിരുന്നു. ആദ്യം കൊലപാതകത്തില്‍ അജാസിന് പങ്കുണ്ടോ എന്ന് പൊലീസ് സംശയിച്ചിരുന്നുവെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ നിരപരാധിയാണെന്ന് വ്യക്തമായി. ഭാര്യക്ക് ബാധയുണ്ടെന്ന് അജാസ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് മന്ത്രവാദ ചികിത്സ നടത്തുന്ന ചിലരെ ചുറ്റിപറ്റിയും പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നു. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് താമസത്തിനെത്തുമ്പോൾ അനീഷ ചെറിയ മാനസിക പ്രശ്നങ്ങൾ കാണിച്ചിരുന്നുവെങ്കിലും കുറച്ച് കാലമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് അയൽവാസി പറഞ്ഞു.
മുസ്കനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം മാതാപിതാക്കളിലേക്ക് തിരിഞ്ഞത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുന്നില്ല എന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചോദ്യം ചെയ്യലിൽ അനീഷ കുറ്റം സമ്മതിക്കുകയായിരുന്നു.