2024 ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്
2024ല്‍ മലയാള സിനിമയെ എല്ലാ തരത്തിലും അഭിമാനം കൊള്ളിച്ച ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രം മലയാളത്തില്‍ മാത്രമായിരുന്നില്ല തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം വന്‍ വിജയമായി മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞത്. ഒരു വര്‍ഷം പിന്നിടുന്ന സന്തോഷത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടീം വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. വിജയാഘോഷത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സൗബിന്‍ സിനിമയെ കുറിച്ച് സംസാരിച്ചു. സന്തോഷവും സങ്കടവും നിറച്ചു തന്ന ഒരു ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് സൗബിന്‍ പറഞ്ഞത്.
'എന്താണ് പറയേണ്ടത് എന്ന അറിയില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22 ന് പടം ഇറങ്ങി. ഇപ്പോള്‍ ഒരു വര്‍ഷവുമായി. വിജയാഘോഷം ഇതിന് മുന്‍പ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കുറേ കാര്യങ്ങള്‍ കൊണ്ട് അത് നീണ്ടു നീണ്ടു പോയി. വലിയൊരു പരിപാടി നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. സന്തോഷവും സങ്കടവും നിറച്ചു തന്ന ഒരു ചിത്രം കൂടിയാണ് എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്. എന്ത് ചെയ്താലും അതിന്റെ നന്മ ഉണ്ടാവും എന്ന് പറയുന്നത് പോലെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലെ ഏറ്റവും നല്ല ചിത്രമായി ഇപ്പോഴും നില്‍ക്കുന്നത്. വലിയ സന്തോഷം. എല്ലാത്തിനും മുകളില്‍ ആ സന്തോഷത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്,' സൗബിന്‍ പറഞ്ഞു.
2024 ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ്ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.
അജയന്‍ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റിന് വലിയ പ്രശംസ ലഭിച്ചിരുന്നു. അത് തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഗുണാ പോലെയല്ല, ഈ സിനിമ മുഴുവന്‍ ഗുണാ കേവിലാണ്. അങ്ങനെ എല്ലാം നിയന്ത്രണത്തിലാക്കി ചെയ്യാനായി ഗുണാ കേവ് സെറ്റിടാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ചിദംബരം വീഡിയോയില്‍ പറഞ്ഞത്.
അജയന്‍ ചാലിശ്ശേരിയും ഗുണ കേവ് സെറ്റിനെ കുറിച്ച് സംസാരിച്ചിരുന്നു.'കൊടൈക്കനാലിലെ പല സ്ഥലങ്ങളിലേയും പാറകള്‍ അവിടെനിന്ന് മോള്‍ഡ് ചെയ്ത് അത് ഇവിടെവെച്ച് കാസ്റ്റ് ചെയ്തു. ഗുണാ കേവ് വരെയുള്ള സ്ഥലം കൊടൈക്കനാലില്‍ ഷൂട്ട് ചെയ്ത്, ഗുഹയുടെ എന്‍ട്രി മുതലാണ് സെറ്റിട്ടത്. ഗുണാകേവിനകത്ത് താപനില തുലനപ്പെടുത്താന്‍ ഏസി ഫിറ്റ് ചെയ്തിട്ടുണ്ട്. കുറേ സ്ഥലത്ത് ഏസികള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഗുഹയിലേക്ക് വീഴുന്ന സ്ഥലം ചിത്രീകരിക്കാന്‍ ഫ്‌ളോറില്‍നിന്നും അമ്പതടി പൊക്കത്തിലുള്ള മൂന്ന് കിണറുപോലുള്ള വിടവുകളുണ്ടാക്കി. അത് ചേര്‍ത്ത് വെച്ചാല്‍ 150 അടി വരുന്ന കിണര്‍ ആകും. ഭാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്, വീഴുന്ന കുഴിയും കേവില്‍ വച്ച് പിടിപ്പിച്ച ഒറിജിനല്‍ ചെടികളും എല്ലാം ചിത്രീകരണം തീരും വരെ അതുപോലെ സൂക്ഷിക്കുകയായായിരുന്നു', അജയന്‍ ചാലിശ്ശേരി പറഞ്ഞു.