വെള്ളം കിട്ടാത്തതുകൊണ്ടാണ് ആന വരുന്നത് എന്നു പറഞ്ഞതു സമ്മതിച്ചു. പക്ഷേ പരിഹാരമെവിടെ? വനംമന്ത്രി സത്യഗ്രഹമിരുന്നാണെങ്കിലും പദ്ധതിയുണ്ടാക്കി പണം വാങ്ങിച്ച് പരിഹരിക്കേണ്ട അതീവ ഗുരുതര പ്രശ്‌നമാണ് സംസ്ഥാനത്തെ വനാര്‍തിര്‍ത്തികള്‍ നേരിടുന്നത്
മൂന്നുദിവസത്തിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചവര്‍ നാല്. നാട്ടാന ചവിട്ടിക്കൊന്നവര്‍ മൂന്ന്. കൊടുംചൂടും തീറ്റ കിട്ടാത്തതുമാണ് കാട്ടാനകളുടെ ആക്രമണത്തിനു കാരണമെന്നു വനംവകുപ്പ്. കൊടുംചൂടില്‍ വെടിക്കെട്ടുകൂടി നടത്തിയപ്പോള്‍ ഉണ്ടായ അസ്വസ്ഥതയാണ് ഒടുവിലെ നാട്ടാന ആക്രമണത്തിനു പിന്നിലെന്ന് മൃഗസംരക്ഷണ വകുപ്പ്. മനുഷ്യനു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത വേനലാണ്. ആ സമയത്ത് പുറത്തിറങ്ങേണ്ടിവരുന്ന ആനകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നാട്ടില്‍ കാണുന്നത്. എന്നാല്‍ കാട്ടിലോ? കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 192 മനുഷ്യരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 278 പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കടുവയും പുലിയും ഉള്‍പ്പെടെ മറ്റുള്ള മൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ തുലോം കുറവാണ്. കാട്ടാന തന്നെയാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്നത്. പാലക്കാട് 48 പേരേയും ഇടുക്കിയില്‍ 40 പേരേയും വയനാട്ടില്‍ 36 പേരേയുമാണ് ആന ഇക്കാലത്ത് ചവിട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ എണ്ണംകൂടുതല്‍ പാലക്കാട്ടും ഇടുക്കിയിലും ആണെങ്കിലും ഏറ്റവും കൂടുതല്‍ കാട്ടാന ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വയനാട്ടിലാണ്. പരുക്കേല്‍ക്കുന്നവരും കൂടുതല്‍ വയനാട്ടിലാണ്.
ആനയെ ഭയന്ന് എത്രകാലം?
അട്ടമലയില്‍ സംഭവിച്ചതു നോക്കാം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആനത്താര അടഞ്ഞപ്പോള്‍ പെട്ടുപോയ ആനകള്‍ അക്രമാസക്തരാകുന്നു. 12 ആനകളാണ് ആനത്താര അടഞ്ഞ് പ്രദേശത്ത് തന്നെ തുടരേണ്ടി വന്നത്. ഇത്രമാസങ്ങളായിട്ടും കേന്ദ്രസഹായം കിട്ടിയില്ല എന്നതുപോലെ തന്നെ ഇവയെ മറുകര കടത്തിവിടാനും സാധിച്ചിട്ടില്ല. ഒരാനയ്ക്ക് ദിവസവും വേണ്ടത് 140 പൗണ്ട് തീറ്റയാണ്. ഏകദേശം 65 കിലോ എന്നു പറയാം. കൊമ്പനാനകള്‍ ദിവസം 220 ലിറ്റര്‍ വരെ വെള്ളംകുടിക്കും. പിടിയാനയ്ക്ക് 160 ലിറ്റര്‍ മുതല്‍ 220 ലിറ്റര്‍ വരെയും വേണം. 12 ആനകളുള്ള ഒരു കൂട്ടത്തിന് ദിവസം വേണ്ടത് 780 കിലോ തീറ്റയും 2400 ലിറ്റര്‍ വെള്ളവുമാണ്. ഇതുകൂടാതെ ചൂടുകുടുമ്പോള്‍ അയ്യായിരം ലിറ്റര്‍ വരെ വെള്ളം ഇവ ഓരോന്നും തുമ്പിക്കയ്യില്‍ മുക്കി മസ്തകം വഴി ഒഴിക്കും. ചില ആനകള്‍ക്ക് വെള്ളത്തില്‍ ഇറങ്ങിക്കിടക്കുക മാത്രമാണ് ആശ്വാസം നല്‍കുക. വലിയ ജലാശയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അതു സാധിക്കൂ. ഓരോ ആനക്കൂട്ടവും കാടുവിട്ട് പുറത്തിറങ്ങുന്നത് ഭക്ഷണവും വെള്ളവും കിട്ടാതെ വരുമ്പോഴാണ്. മനുഷ്യര്‍ സ്വന്തം ആവാസസ്ഥലത്ത് വെള്ളം കിട്ടാതെ വന്നാല്‍ പണ്ടൊക്കെ പലായനം ചെയ്യുമായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിനെതിരേ സമരം നടത്തി വണ്ടികളില്‍ വെള്ളമെത്തിക്കും. ആനകള്‍ക്കും ഒന്നുകില്‍ വലിയ തടാകങ്ങളില്‍ വെള്ളം ഉറപ്പാക്കണം. ഇതിനായി കൃത്രിമ ജലാശയങ്ങള്‍ ആവശ്യമെങ്കില്‍ നിര്‍മിക്കണം. അല്ലെങ്കില്‍ വെള്ളം വറ്റിയാല്‍ പൈപ്പുവഴിയോ വാഹനം വഴിയോ ജലം എത്തിക്കുകയും വേണം. ആ ഉത്തരവാദിത്തം വനം മന്ത്രിക്കുണ്ട്. അതു ചെയ്യാനാണ് വനംവകുപ്പിന് ഒരു മന്ത്രിയെ നല്‍കിയിരിക്കുന്നതും. അല്ലാതെ സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര കലഹം തീര്‍ക്കുകയല്ല മന്ത്രിയുടെ ജോലി.
Also Read: എന്‍ഡോസള്‍ഫാന്‍ ഫാക്ടറികളേക്കാള്‍ ഭേദമല്ലേ സ്വകാര്യ സര്‍വകലാശാലകള്‍?
വര്‍ഷംതോറും കൂടുന്ന ആക്രമണം
2016ല്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത് 16 പേര്‍ക്കായിരുന്നു. മരണം പതിനെട്ടും. 2024ല്‍ 32 പേര്‍ക്കു പരിക്കേറ്റു. 19 പേര്‍ കൊല്ലപ്പെട്ടു. 2022ല്‍ 24 പേരും 2021ല്‍ 29 പേരും കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. കടുവ ആക്രമണത്തില്‍ വയനാട്ടില്‍ മാത്രം എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചുപേരും പരിക്കേറ്റത് ഒന്‍പതുപേര്‍ക്കുമാണ്. സംസ്ഥാനതലത്തില്‍ കൊല്ലപ്പെട്ടത് ആറുപേരും പരിക്കേറ്റത് പത്തുപേര്‍ക്കുമാണ്. വയനാട്ടില്‍ കൂടാതെ കോഴിക്കോട് ഒരാള്‍ക്കു പരിക്കേറ്റതും പാലക്കാട് ഒരാള്‍ കൊല്ലപ്പെട്ടതുമാണ് കടുവ ആക്രമണത്തില്‍ ഉണ്ടായിട്ടുള്ളത്. മേഖല തിരിച്ച് ഇത്തരം കണക്കുകള്‍ വനംവകുപ്പ് എടുക്കുമ്പോഴാണ് പ്രതിരോധം ഫലപ്രദമാവുക. എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഫണ്ട് വീതം വയ്ക്കുന്നതിനു പകരം പ്രാദേശിക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനമാണ് അനിവാര്യം. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കടുവ ആക്രമിക്കുന്നതും കൂടുതല്‍ വയനാട്ടിലാണ്. ഈ രണ്ടുവസ്തുതയും തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കുക എന്നതാണ് ആദ്യം ഉണ്ടാകേണ്ടത്. വയനാട്ടിലെ ജനതയെ കാട്ടാനകള്‍ക്കും കടുവകള്‍ക്കും മുന്നിലേക്ക് ഇനിയും ഇട്ടുകൊടുത്ത് സര്‍ക്കാരുകള്‍ക്ക് മാറിനില്‍ക്കാനാവില്ല.
കേന്ദ്രസര്‍ക്കാരും സഹായിക്കേണ്ടേ?
വനംവന്യജീവി ആക്രമണം തടയാന്‍ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ചു. എന്നാല്‍ ആ പദ്ധതിക്കായി പ്രത്യേക ധനസഹായം അനുവദിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിലവില്‍ പ്രൊജക്ട് എലിന്റ് ഉള്‍പ്പെടെ രണ്ടു പദ്ധതികളിലാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നത്. അവ മനുഷ്യവന്യജീവി സംഘര്‍ഷം തടയാന്‍ മാത്രമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് അനുവാദമില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മനുഷ്യവന്യജീവി സംഘര്‍ഷം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത് അഞ്ചു കോടി 85 ലക്ഷം രൂപ മാത്രമാണ്. സൗരോര്‍ജ വേലി കെട്ടാനും കിടങ്ങുകള്‍ സ്ഥാപിക്കാനുമൊക്കെ 100 കോടിയിലേറെ രൂപയാണ് സംസ്ഥാനത്ത് വേണ്ടത്. കിഫ്ബി വഴി ഈ പദ്ധതി ആരംഭിച്ചെങ്കിലും മുന്നോട്ട് നീങ്ങിയില്ല. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് അതുവഴിയുള്ള ചെലവഴിക്കല്‍ നിര്‍ത്തിയത്.
Also Read: കാലം മാപ്പുകൊടുത്തില്ല, കൊടുംക്രൂരതയ്ക്ക് ശിക്ഷ
വയനാട് എന്ന സവിശേഷ ഭൂപ്രദേശം
ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ് വയനാട്. അവിടെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫിസറെയും നിയമിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ വയനാട്ടില്‍ കുഴിച്ചത് കേവലം നാലര കിലോമീറ്റര്‍ നീളത്തിലുള്ള ആനക്കിടങ്ങാണ്. നൂറുകണക്കിന് കിലോമീറ്ററുകള്‍ വനാതിര്‍ത്തി ഉള്ളപ്പോഴാണ് ഇത്. ആനമതില്‍ നിര്‍മിച്ചിട്ടുണ്ട്. വെറും 380 മീറ്റര്‍ നീറ്റത്തില്‍. പറഞ്ഞത് കിലോമീറ്റര്‍ അല്ല എന്നു ശ്രദ്ധിക്കണം. സൗരോര്‍ജ വേലി വയനാട്ടില്‍ നിര്‍മിച്ചത് വെറും 11 കിലോമീറ്ററാണ്. സൗരോര്‍ജ തൂക്കുവേലി ഉണ്ടാക്കിയത് 32 കിലോമീറ്ററും. എല്ലാം ചേര്‍ത്താലും 50 കിലോമീറ്റര്‍ പോലും തികയില്ല. ആകെ 2100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട്ടില്‍ 889 ചതുരശ്രകിലോമീറ്ററും വനമാണ്. ആ സ്ഥലത്താണ് ഏഴുവര്‍ഷം കൊണ്ട് നാലര കിലോമീറ്റര്‍ ആനക്കിടങ്ങ് കുഴിച്ചതും 380 മീറ്റര്‍ നീളത്തില്‍ ആനമതില്‍ കെട്ടിയതും. സൗരോര്‍ജവേലി ഉണ്ടാക്കിയെന്നും സൗരോജ്ജ തൂക്കുവേലി ഉണ്ടാക്കിയെന്നുമൊക്കം മന്ത്രി പറയുമ്പോള്‍ വയനാട്ടിലെ വനം എത്രയാണെന്നുള്ള മറുചോദ്യം പോലും ഇന്നാട്ടില്‍ ഉണ്ടാകുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നതു സത്യം. പക്ഷേ സംസ്ഥാന വനം വകുപ്പിന് കൈകെട്ടി നില്‍ക്കാന്‍ കഴിയുമോ. വെള്ളം കിട്ടാത്തതുകൊണ്ടാണ് ആന വരുന്നത് എന്നു പറഞ്ഞതു സമ്മതിച്ചു. പക്ഷേ പരിഹാരമെവിടെ? വനംമന്ത്രി സത്യഗ്രഹമിരുന്നാണെങ്കിലും പദ്ധതിയുണ്ടാക്കി പണം വാങ്ങിച്ച് പരിഹരിക്കേണ്ട അതീവ ഗുരുതര പ്രശ്‌നമാണ് സംസ്ഥാനത്തെ വനാര്‍തിര്‍ത്തികള്‍ നേരിടുന്നത്.