ആ ദിവസത്തെപ്പറ്റി റോഡ്രിഗോ ഓർക്കുന്ന മറ്റൊരു കാര്യമുണ്ട്. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന മാർക്കേസിന്‍റെ മുഖത്ത് അന്ന് ചിരിയുണ്ടായിരുന്നില്ല
ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് റോഡ്രിഗോ മൊയ ഉണർന്നത്. വാതില്‍ തുറന്ന ആ പ്രസ് ഫോട്ടോഗ്രാഫർ മുന്നില്‍ നിന്ന ആളെ കണ്ട് അമ്പരന്നു. അഞ്ച് അടി എട്ട് ഇഞ്ച് നീളം, വിരിഞ്ഞ മാറ്, ഒരു മിഡിൽ വെയ്റ്റ് ബോക്സറിന്‍റെ ശരീരഭാഷ. എന്നാൽ കാലുകൾ മെലിഞ്ഞിട്ടാണ്. 'ഗാബോ, ഗാബീറ്റോ, ഗാബ്രിയേൽ ഗാർഷ്യ മാർക്കേസ്...' അയാള്‍ മനസിൽ ഉരുവിട്ടു. എന്നാല്‍ ആ വാക്കുകള്‍ പുറത്തുവന്നില്ല. മുന്നില്‍ നില്‍ക്കുന്ന ആളുടെ കോലം അതുപോലെയായിരുന്നു. മാർക്കേസിന് ഒപ്പം അദ്ദേഹത്തിന്‍റെ പങ്കാളി മെഴ്സിഡസുമുണ്ട്. ലാറ്റിനമേരിക്കന്‍ ഭൂമികയുടെ മാന്ത്രികത ലോകത്തിന് പകർന്ന ആ എഴുത്തുകാരന്‍ ഇടികൊണ്ട് തിണർത്ത കണ്ണുമായാണ് റോഡ്രിഗോയുടെ മുന്നിൽ നിൽക്കുന്നത്. ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ടെങ്കിലും അതൊന്നും പുറത്തുവന്നില്ല.
ആ നിശബ്ദതെ മുറിച്ചത് മാർക്കേസ് തന്നെയാണ്. "നിങ്ങള്‍ എന്‍റെ ഒരു ഫോട്ടോ എടുത്തുതരണം?", ഗാബോയുടെ ആ ചോദ്യത്തിന് 'എന്താ പറ്റിയത്?' എന്നായിരുന്നു റോഡ്രിഗോയുടെ മറുചോദ്യം. ബോക്സിങ്ങില്‍ തോറ്റതാണെന്നായിരുന്നു എഴുത്തുകാരന്‍റെ തമാശ കലർന്ന മറുപടി. റോഡ്രിഗോയ്ക്ക് ഉത്തരം നൽകിയത് മെഴ്സിഡയാണ്. 'യോസ ഇടിച്ചതാണ്!'
മരിയോ വർഗാസ് യോസ, ഗാബ്രിയേൽ ഗാർഷ്യ മാർക്കേസിനെ ഇടിച്ചിരിക്കുന്നു! കാര്യം അങ്ങനെയാണെങ്കില്‍ അത് ലാറ്റിനമേരിക്കയിലെ, എന്തിന് സാഹിത്യം വായിക്കുന്ന, അറിയുന്ന ലോകത്തിലെ ഏതൊരാളെയും ഞെട്ടിക്കുന്ന വാർത്തയാണ്. അന്ന് തന്‍റെ കയ്യിലെ ഫിലിം തീർന്നുപോയിട്ടും ആ നട്ടപാതിരാവില്‍ എവിടെയൊക്കെയോ പോയി അവ സംഘടിപ്പിച്ച് മാർക്കേസിന്‍റെ ചിത്രങ്ങള്‍ റോഡ്രിഗസ് എടുത്തു. വർഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നെയാണ് പാരിസ് റിവ്യുവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
ആ ദിവസത്തെപ്പറ്റി റോഡ്രിഗോ ഓർക്കുന്ന മറ്റൊരു കാര്യമുണ്ട്. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന മാർക്കേസിന്‍റെ മുഖത്ത് അന്ന് ചിരിയുണ്ടായിരുന്നില്ല. ആ വിധത്തില്‍ തന്‍റെ പ്രിയ ഗാബോയുടെ ചിത്രം പകർത്താന്‍ റോഡ്രിഗോ മടിച്ചു. വളരെ പണിപ്പെട്ടാണ് മാർക്കേസിനെ ആ ഫോട്ടോഗ്രാഫർ ഒന്നുചിരിപ്പിച്ചത്. എന്തിനായിരിക്കും യോസ, മാർക്കേസിനെ ആക്രമിച്ചത്? ആ പഞ്ചിന് പിന്നില്‍ പല കഥകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ പലതും യോസയുടെ ദാമ്പത്യവുമായി ബന്ധപ്പെടുത്തിയാണ്.
Also Read: മോഡേണ്‍ ഇന്ത്യന്‍ സ്ത്രീയെ പൊളിച്ചെഴുതിയ പീകു
മാർക്കേസിന്‍റെ സുഹൃത്ത് ഗില്ലർമോ അംഗുലോ പറയുന്നത് പ്രകാരം, എല്ലാത്തിന്‍റെയും തുടക്കം ഒരു കപ്പല്‍ യാത്രയാണ്. ബാഴ്‌സലോണയിൽ നിന്ന് എൽ കല്ലാവോയിലേക്കുള്ള ഒരു കപ്പല്‍ യാത്രയ്ക്കിടെ, സുന്ദരനും ആകർഷണീയമായ സ്വഭാവ സവിശേഷതകളുമുണ്ടായിരുന്ന യോസയോട് ഒരു സ്ത്രീക്ക് പ്രണയം തോന്നുന്നു. തിരിച്ച് യോസയ്ക്കും. പ്രണയത്തെ പിടിച്ചുവയ്ക്കാന്‍ കഴിയുന്ന ആളായിരുന്നില്ല ആ എഴുത്തുകാരന്‍. എന്നാല്‍, അവിചാരിതമായി സംഭവിച്ച ആ പ്രേമത്തിനിടയില്‍ കപ്പലില്‍ കൂടെയുണ്ടായിരുന്ന ഭാര്യ പട്രീഷ്യയെ സൗകര്യപൂർവം യോസ മറന്നു. ഇത് അവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കി. യാത്ര അവസാനിപ്പിച്ച് തിരികെ വീട്ടിലെത്തിയ പട്രീഷ്യ തന്‍റെ എല്ലാ സാധനങ്ങളും പെറുക്കി ബാഗിലാക്കി അവിടെ നിന്നും മടങ്ങി. ഇവിടെ നിന്നാണ് കഥകള്‍ വഴിപിരിയുന്നത്.
പട്രീഷ കുറച്ചുകാലം സുഹൃത്തായ മാർക്കേസിനും കുടുംബത്തിനും ഒപ്പമാണ് താമസിച്ചതെന്നാണ് ഒരു കഥ. വൈകാതെ യോസയുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും അവർ തമ്മില്‍ വീണ്ടും ഒന്നിക്കുകയും ചെയ്തു. യോസ മറ്റൊരു സ്ത്രീയില്‍ ആകൃഷ്ടനായതില്‍ തോന്നിയ അപകർഷതാ ബാധം മറികടക്കാനായി പട്രീഷ പറഞ്ഞ വാക്കുകളാണ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ രണ്ട് വലിയ ബിംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായത്. "ഞാന്‍ അത്ര സുന്ദരിയല്ലെന്നൊന്നും വിചാരിക്കണ്ട, ഗാബോയെ പോലുള്ള നിങ്ങളുടെ കൂട്ടുകാർ വരെ എന്‍റെ പുറകെ ആയിരുന്നു", പട്രീഷ പറഞ്ഞു. ഇത് യോസയുടെ മനസില്‍ തറച്ചു.
തന്റെ വീട്ടിൽ താമസിച്ചിരുന്ന പട്രീഷയെ തിരികെ അയയ്ക്കാൻ വിമാനത്താവളത്തിൽ ഒപ്പം പോയ മാർക്കേസ് പറഞ്ഞ ഒരു തമാശ അവർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് പല സുഹൃത്തുക്കളും പറയുന്നത്. 'ഈ വിമാനം വന്നില്ലായിരുന്നെങ്കിൽ നന്നായേനെ' എന്നായിരുന്നു മാർക്കേസിന്റെ കമന്റ്. ഇത് പെട്രീഷ വായിച്ചത് മറ്റൊരു തരത്തിലാകാനാണ് സാധ്യതയെന്നാണ് അംഗുലോ പറയുന്നത്.
Also Read: VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും
ഇതൊന്നും അറിയാതെയാണ് ഒരു ഫിലിം സ്ക്രീനിങ്ങിനിടയില്‍ യോസയെ കണ്ട മാർക്കേസ് കെട്ടിപ്പിടിക്കാനായി 'മരിയോ' എന്ന് വിളിച്ചുംകൊണ്ട് ഓടിച്ചെന്നത്. ഒറ്റ ഇടി!, അതായിരുന്നു മറുപടി. ഇത് നടന്ന ഇടത്തേപ്പറ്റിയും കാരണത്തേപ്പറ്റിയും മാജിക്കല്‍ റിയലിസത്തെ വെല്ലുന്ന പലതരം കഥകള്‍ പ്രചാരത്തിലുണ്ട്. പക്ഷെ ഒന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. ഒരു രാത്രി ഗാബോയെ യോസ ഇടിച്ചു. അതും കണ്ണില്‍ തന്നെ. അതിനു തെളിവായി, റോഡ്രിഗോ പകർത്തിയ ചിത്രവുമുണ്ട്. 1967ല്‍ ഏകാന്തതയുടെ നൂറ് വർഷങ്ങള്‍ പ്രസിദ്ധീകരിച്ച അന്നുമുതല്‍ തുടങ്ങിയ രണ്ട് എഴുത്തുകാരുടെ വരികള്‍ക്കപ്പുറമുള്ള ബന്ധം അന്ന് അവസാനിച്ചു.
ഓർമകള്‍ കഥകളാക്കിയ മാർക്കേസിന് പതിയെ പഴയതും പുതിയതുമായ കാലഗണന നഷ്ടമായി. 2014 ഏപ്രില്‍ 18ന് ആ മാന്ത്രികന്‍ മരിച്ചു. നീണ്ട കാലത്തെ നിശബ്ദതയ്ക്ക് ശേഷം, 2017ല്‍, ഏകാന്തതയുടെ നൂറ് വർഷങ്ങളുടെ 50-ാം വാർഷികത്തിന്‍റെ അന്നാണ് ഗാബോ എന്ന തന്‍റെ സുഹൃത്തിനെ വീണ്ടും ഒരു പൊതുസദസില്‍ യോസ ഓർമിച്ചത്. അന്നയാള്‍ ഇങ്ങനെ പറഞ്ഞു, "മാർക്കേസ് മരിച്ച അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു; ആ തലമുറയിലെ അവസാനത്തെ ആളാണ് ഞാന്‍ എന്ന തിരിച്ചറിവില്‍."
ഒടുവില്‍ 2024 ഏപ്രില്‍ 14ന് വായനക്കാരെ തനിച്ചാക്കി മരിയോ വർഗാസ് യോസയും മടങ്ങി.