പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് താമരശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും
കോഴിക്കോട് പുതുപ്പാടിയിലെ സുബൈദ കൊലക്കേസിലെ പ്രതി ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് താമരശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നാലു ദിവസത്തേക്കാണ് ആഷിഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.
ALSO READ: കാന്തപുരം പറഞ്ഞത് സ്വന്തം അഭിപ്രായം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ - പുരുഷ സമത്വത്തിൽ: തോമസ് ഐസക്ക്
കൊലപാതകത്തിന് പിന്നിൽ ആഷിഖിന് അമ്മയോടുണ്ടായിരുന്ന വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വത്ത് വിൽക്കാൻ ആഷിഖ് അവശ്യപ്പെട്ടിരുന്നെങ്കിലും സുബൈദ ഇതിന് കൂട്ടാക്കിയിരുന്നില്ല. ഇതാണ് സുബൈദയോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് താമരശ്ശേരി സിഐ സായൂജ് കുമാർ പറഞ്ഞിരുന്നു. ആഷിഖ് മുൻപും കൊലപാതക ശ്രമം നടത്തിയിട്ടുണ്ടെന്നും പലരോടും സുബൈദയെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും താമരശേരി സിഐ പറഞ്ഞു.
ജന്മം നൽകിയതിന്റെ ശിക്ഷ നടപ്പാക്കിയെന്നായിരുന്നു കൊലപാതകം ചെയ്ത ശേഷമുള്ള പ്രതി ആഷിഖിന്റെ പ്രതികരണം. പിന്നാലെയാണ് പൊലീസ് കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്നത്. സുബൈദ പലപ്പോഴും ആഷിഖ് ആവശ്യപ്പെടുന്ന പണം നൽകാൻ വിസമ്മതിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
ALSO READ: സർക്കാർ ജീവനക്കാരുടെ പണിമുടക്ക്: പങ്കാളിത്തമറിയിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ
ശനിയാഴ്ചയാണ് കേരളത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഓട്ടോമൊബൈൽ കോഴ്സ് പഠിക്കാൻ കോളേജിൽ ചേർന്ന ശേഷമാണ് ആഷിഖ് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഉമ്മയും മകനും വാക്‌തർക്കമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കാനെന്ന് പറഞ്ഞു കൊടുവാൾ വാങ്ങുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു.