തൊഴിലാളികൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നതിൽ അവ്യക്തത തുടരുകയാണ്
തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അരികിൽ ദൗത്യസംഘം. 50 മീറ്റർ പരിധിയിലേക്കാണ് ദൗത്യ സംഘം എത്തിയത്. തുരങ്ക നിർമാണം അവസാനിച്ച ഭാഗത്താണ് ഇത്. എന്നാൽ തൊഴിലാളികൾ എവിടെയാണെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. തൊഴിലാളികൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നതിൽ അവ്യക്തത തുടരുകയാണ്.
തുരങ്കം അവസാനിക്കുന്നതിന് 50 മീറ്റർ മുമ്പ് വരെ ചെളിയും അവശിഷ്ടങ്ങളും മാത്രമാണ് ദൗത്യസംഘത്തിന് കാണാൻ സാധിച്ചത്.തുടർച്ചയായി ചെളിയും വെള്ളവും ഒഴുകുന്നത് രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയായേക്കും. അതിനാൽ ഇന്ത്യൻ കരസേന, നാവികസേന, എൻഡിആർഎഫ്, ജിഎസ്‌ഐ തുടങ്ങിയ ഏജൻസികൾ രാവും പകലും പരിശ്രമം തുടരുകയാണ്.
എലിമാള ഖനന രീതി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം മുതൽക്ക് രക്ഷാപ്രവർത്തനം. ഇതിനായി ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോൾ മൈനർമാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ എത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും ദുഷ്‌കരവുമായ തുരങ്ക രക്ഷാപ്രവർത്തനമാണിതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു. എസ്‌എൽബിസി തുരങ്കത്തിലേക്ക് ഒരു പ്രവേശനവും എക്സിറ്റും മാത്രമേ ഉള്ളൂ. ഇതാണ് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണമാക്കുന്നത്. തുരങ്കത്തിലേക്ക് തുടർച്ചയായി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെങ്കിലും, കുടുങ്ങിയ ആളുകളുമായി ഇതുവരെ യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് ഫെബ്രുവരി 22ന് അപകടത്തിൽ പെട്ടത്. തെലങ്കാന നാഗർകുർനൂൾ ജില്ലയിലെ SLBC യുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നത്. ഇതിൽ 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.