കഥാപാത്രം സാധാരണക്കാരനായതുകൊണ്ട് മാത്രമാണ് അത്തരത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതെന്നാണ് തരുണ്‍ പറയുന്നത്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുടരും ദൃശ്യം പോലൊരു സിനിമയാണെന്ന് പറഞ്ഞിരുന്നു. അക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ തരുണ്‍ മൂര്‍ത്തി. കഥാപാത്രം സാധാരണക്കാരനായതുകൊണ്ട് മാത്രമാണ് അത്തരത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതെന്നാണ് തരുണ്‍ പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യം പറഞ്ഞത്.
'ദൃശ്യം പോലൊരു സിനിമയാണ് തുടരുമെന്ന് അദ്ദേഹം പറയാന്‍ കാരണം സാധാരണക്കാരന്‍, കുടുംബം എന്നീ കാരണങ്ങളാലായിരിക്കും. ദൃശ്യം പോലൊരു കള്‍ട് ക്ലാസിക് സിനിമയുമായി ഒരിക്കലും ഞങ്ങള്‍ മത്സരിക്കാനോ താരതമ്യപ്പെടുത്താനോ സാധിക്കില്ല. its kind of a drishyam thing എന്നാണ് പറഞ്ഞത്. അപ്പോള്‍ ദൃശ്യത്തിലുള്ള കഥാപാത്രം പോലെ ഗ്രൗണ്ടഡ് ആണ് ഷണ്‍മുഖവും. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നെ സ്വാഭാവികമായും ഫാമലി, കുട്ടികള്‍ എന്നെല്ലാം പറയുമ്പോള്‍ ദൃശ്യവുമായി സാമ്യം വരുമല്ലോ. പക്ഷെ ദൃശ്യം കംപാരിസണ്‍ വന്നാല്‍ അത് ആ സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍', എന്നാണ് തരുണ്‍ പറഞ്ഞത്.
ALSO READ: 'അടി തുടങ്ങിയാല്‍ പിന്നെ വന്‍ ഹൈ'; ആലപ്പുഴ ജിംഖാന പ്രേക്ഷക പ്രതികരണം
'പക്ഷെ തുടരുമില്‍ ആ കഥാപാത്രത്തിന് കടന്ന് പോകേണ്ട മാനസികമായ സംഘര്‍ഷങ്ങളൊക്കെയുണ്ട്. സിനിമയില്‍ ഇമോഷനുണ്ട്. അത് വളരെ കൃത്യമായി ഞങ്ങള്‍ കമ്മ്യൂണികേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, വളരെ കൃത്യമായി തന്നെ അത് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുമുണ്ട്. പക്ഷെ അത് ദൃശ്യം പോലൊരു മിസ്റ്റ്രിയോ ഇന്‍വെസ്റ്റിഗേഷനോ ഒന്നുമില്ല. അങ്ങനത്തെ കാര്യങ്ങളൊന്നും തന്നെ ഇല്ല ഇതിനകത്ത്. പക്ഷെ സിനിമയ്ക്ക് ടെന്‍ഷന്‍സുണ്ട്, ഹ്യൂമറുകളുണ്ട്, കോണ്‍ഫ്‌ലിറ്റുകളുണ്ട്, നല്ല ക്യാരക്ടര്‍ ആര്‍ക്കുകളുണ്ട്. അതെല്ലാം വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ അധികം കോണ്‍ഫിഡന്‍സ് തരുന്ന സിനിമയാണ് തുടരും. ലാലേട്ടന്‍ ദൃശ്യത്തെ കുറിച്ച് പറഞ്ഞത് ആ കോമണ്‍ മാന്‍ ഫാക്ടര്‍ ആണ്. പക്ഷെ ആളുകള്‍ അതില്‍ നിന്ന് എടുക്കുന്നത് ചിലപ്പോള്‍ ട്വിസ്‌റ്റൊക്കെയുള്ള സിനിമയെന്നായിരിക്കും. ഒരിക്കലും ഈ സിനിമയില്‍ ട്വിസ്റ്റില്ല', എന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. 2 മണിക്കൂര്‍ 46 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്.
കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.