അതിക്രൂരമാം വിധമുള്ള ബലാത്സംഗ മൊഴി യുവതി സിദ്ദീഖിനെതിരെ നൽകിയതോടെയാണ് വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് പൊലീസ് കടന്നത്
നടൻ സിദ്ദീഖിനെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. 2016ൽ സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു.
അതിക്രൂരമാംവിധമുള്ള ബലാത്സംഗ മൊഴിയാണ് യുവതി സിദ്ദീഖിനെതിരെ നൽകിയത്. ഇതോടെ വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് പൊലീസ് കടക്കുകയായിരുന്നു. 2004 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കൃത്യം നടന്നെന്ന് പറയുന്ന മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെൻ്റിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: സിദ്ദീഖിനെതിരായ ലൈംഗികാരോപണം; നടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി
സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. മൊഴി സൂക്ഷ്മമായി പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ആദ്യം ശ്രമിക്കുക. അതിനുശേഷമാകും സിദ്ദീഖിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
ALSO READ: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് നടൻ സിദ്ദീഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കാണ് കേസ്. ഡിജിപിക്ക് ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഡിജിപിക്ക് ഇ-മെയിലില്‍ വഴി ലഭിച്ച പരാതി പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. അതേസമയം, നടിയുടേത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് നേരത്തെ തന്നെ സിദ്ദീഖ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.