സർക്കാരിനോട് പ്രതിപക്ഷം അഞ്ചു ചോദ്യങ്ങൾ ചോദിക്കും. അതിൽ എല്ലാത്തിനുമുള്ള ഉത്തരം ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ സംഭവങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുറെ ആളുകളെ സംരക്ഷിക്കുന്നതിനായി സർക്കാർ ഒളിച്ചു കളി നടത്തുന്നു. സിനിമ രംഗത്തെ എല്ലാവരും കുഴപ്പക്കാരാണെന്ന തോന്നൽ എല്ലാവരിലും ഉണ്ടാക്കുന്നത് സർക്കാർ ആണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സിനിമയിൽ ന്യൂനപക്ഷം മാത്രമാണ് കുറ്റവാളികൾ. എത്രയോ നല്ല മനുഷ്യർ സിനിമയിലുണ്ട്, അരനൂറ്റാണ്ട് കാലം സിനിമ രംഗത്ത് ഒരു കറ പോലും ഇല്ലാതെ നിൽക്കുന്ന ആളുകളുണ്ട്. അവരൊക്കെ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. കുറ്റവാളികളെ സർക്കാർ മറച്ചു പിടിക്കുന്നതുകൊണ്ടാണ് സത്യസന്തരായവർ പോലും അപമാനിതരാകുന്നത്. അതിൽ പരിഹാരം കാണേണ്ടത് സർക്കാർ ആണെന്നും വി. ഡി. സതീശൻ പറഞ്ഞു.
സർക്കാരിനോട് പ്രതിപക്ഷം അഞ്ചു ചോദ്യങ്ങൾ ചോദിക്കും. അതിൽ എല്ലാത്തിനുമുള്ള ഉത്തരം ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. എന്ത് കൊണ്ടാണ് ഒരുപാട് ക്രിമിനൽ കുറ്റങ്ങളുടെ പരമ്പരകൾ നടന്നു എന്ന വ്യക്തമാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്നതാണ് പ്രതിപക്ഷത്തിന്റെ ഒന്നാമത്തെ ചോദ്യം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പുകളുടെയും, പോക്‌സോ വകുപ്പിന്റെയും നഗ്നമായ ലംഘനമാണ് നടന്നത്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ അന്വേഷണം നടത്തുന്നില്ല എന്നതാണ് രണ്ടാമത്തെ ചോദ്യം. വിവരാവകാശ കമ്മീഷൻ പറഞ്ഞത് കൂടാതെയുള്ള കുറെ പേജുകൾ സർക്കാർ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയത് എന്ന് വ്യക്തമാക്കണം എന്നതാണ് മൂന്നാമതായി പ്രതിപക്ഷം ചോദിക്കുന്നത്.
ALSO READ: മുഴുവന്‍ ആരോപണ വിധേയരുടെയും പേരുകള്‍ പുറത്തുവിടണം; അറസ്റ്റോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടാല്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി: ഫെഫ്ക
എന്തിനാണ് ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സർക്കാർ കോൺക്ലേവ് നടത്തുന്നത്? അത് ചെയ്യുന്നത് ഇരകളെ അപമാനിക്കുന്നത് പോലെയല്ലേ എന്നുമാണ് പ്രതിപക്ഷത്തിന്റെ നാലാമത്തെ ചോദ്യം. അവസാനമായി പിണറായി സർക്കാർ സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് എന്തിനാണ് എന്നതിനും സർക്കാർ ഉത്തരം പറയണം എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ഈ ചോദ്യങ്ങളിൽ ശാശ്വതമായ പരിഹാരം വേണം. ഒരു തൊഴിലിടത്തിൽ എല്ലാരേയും സംരക്ഷിച്ചു മുന്നോട്ട് പോകുന്ന നടപടികൾ സ്വീകരിക്കണം. മുകേഷ് തുടരണോ എന്നത് സിപിഎം ആണ് തീരുമാനിക്കേണ്ടത്. ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയത് സിപിഎമ്മിൻ്റെ എംഎൽഎയെ രക്ഷിക്കാൻ ആണ് എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം കാണുമ്പോൾ ഞങ്ങളുടെ മഹത്വം നിങ്ങൾ മനസിലാക്കണം എന്നും വി. ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.