മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ കാറിലെത്തിയ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്
കൊല്ലം കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ട സന്തോഷിന്‍റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്ന് വിവരം. ഇയാൾ ഒളിവിലാണ്. വർഷങ്ങളായി രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. കരുനാഗപ്പള്ളി,ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലാണ് തർക്കം നിലനിന്നിരുന്നത്.
ALSO READ: കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാലുപേർ, ഒരാൾ കസ്റ്റഡിയിൽ
മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ കാറിലെത്തിയ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സന്തോഷ് 2024ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന വെളിപ്പെടുത്തിയിരുന്നു.
ALSO READ: കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് താച്ചയിൽ മുക്ക് സ്വദേശി സന്തോഷ്
കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിൽ നാലുപേരാണ് ഉള്ളതെന്നും, അതിൽ അക്രമികൾക്ക് കാർ ഏർപ്പാടാക്കി കൊടുത്തയാളാണ് കസ്റ്റഡിയിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചിരുന്നു. മൺവെട്ടി ഉപയോഗിച്ചാണ് സന്തോഷിന്റെ മുറിയുടെ വാതിൽ തകർത്തത്. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എഫ്ഐആറിലുള്ളത്.കൊല നടത്തും മുൻപ് സ്ഫോടക വസ്തു ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.