സംഭവത്തിൽ നാല് പേർക്കെതിരെ മാള പൊലീസ് കേസെടുത്തു
തൃശൂർ തിരുമുക്കുളത്ത് ക്രിസ്മസ് ട്രീക്ക് ലൈറ്റ് ഇല്ലെന്ന് ആരോപിച്ച് പള്ളി വികാരിക്ക് നേരെ കയ്യേറ്റം. കയ്യേറ്റം തടയാൻ ശ്രമിച്ച വ്യാപാരിയെയും കുടുംബത്തെയും സംഘം ആക്രമിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ മാള പൊലീസ് കേസെടുത്തു. പ്രദേശവാസികളായ ഡേവിസ്, ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരേയാണ് മാള പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. പള്ളിയിലെ ക്രിസ്മസ് ട്രീയിൽ ലൈറ്റ് ഇട്ടതിൽ തൃപ്തരല്ലെന്ന് പറഞ്ഞ് സംഘം പള്ളിവികാരിയുടെ കാർ തടഞ്ഞു. തുടർന്ന് പ്രതികൾ വികാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ വികാരിയുമായി തർക്കിക്കുന്നത് കണ്ട് വ്യാപാരിയായ ആന്‍റണി ഇടപെടാൻ എത്തി. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം ആന്റണിയുടെ വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമിച്ചത്.
കടയിൽ കയറി ആക്രമിച്ച ശേഷം, പ്രതികൾ ആൻ്റണിയുടെ വീട്ടിലെത്തി ഭാര്യ കുസുമം മക്കളായ അമർജിത്, അഭിജിത് എന്നിവരെയും ആക്രമിച്ചു. സംഭവത്തിനിടെ ആന്‍റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടു. ആൻ്റണിക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും പൊലീസ് പറയുന്നു.
അസഭ്യം നടത്തിയതിനും വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനും പള്ളിവികാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യായമായി വഴിതടയൽ, അശ്ലീല പരാമർശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.