നിലവിളിക്കാനോ ഓടിരക്ഷപ്പെടാനോ ആകാതെ 59 ജീവനുകളാണ് മുത്തപ്പന്‍കുന്നിൻ്റെ മാറില്‍ പുതഞ്ഞുപോയത്
മലയാളികളുടെ മനസില്‍ ഇരുണ്ട അക്കങ്ങളാള്‍ രേഖപ്പെടുത്തിയ തീയതിയാണ് 2019 ഓഗസ്റ്റ് 8. മലപ്പുറം കവളപ്പാറയിലെ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടി 59 ജീവനുകളാണ് നഷ്ടമായത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇരകളായവര്‍ ഇന്നും അതിജീവന പാതയിലാണ്.
രാത്രി എട്ട് മണിയോടെയുണ്ടായ ദുരന്തത്തില്‍ ഒന്നു നിലവിളിക്കാനോ ഓടിരക്ഷപ്പെടാനോ ആകാതെ 59 ജീവനുകളാണ് മുത്തപ്പന്‍കുന്നിൻ്റെ മാറില്‍ പുതഞ്ഞുപോയത്. ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 49 മൃതദേഹങ്ങളേ കണ്ടെടുക്കാനായുള്ളൂ. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിയോടെ മാത്രമാണ് കവളപ്പാറ നിവാസികള്‍ ഇന്ന് ഓര്‍ക്കുന്നത്.
ഒരു കുടുംബത്തിലെ നാലും അഞ്ചും അംഗങ്ങള്‍ ദുരന്തത്തിനിരകളായി. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടുകള്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെ തോരാക്കണ്ണീരിന് കാരണമായി. ദുരന്തത്തിനിരകളായവര്‍ പോത്തുകല്‍, എടക്കര, ചുങ്കത്തറ, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലേക്കേ് ചേക്കേറി. ചിലര്‍ പിറന്ന മണ്ണിനെ കൈവിടാനാകാതെ അവിടെത്തന്നെ തുടരുന്നു. സകലതും നഷ്ടപ്പെട്ടതിൻ്റെ ആഘാതത്തില്‍ നിന്നു പലരും നാളിതുവരെ മോചിതരായിട്ടില്ല. സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നല്‍കിയ നഷ്ടപരിഹാരങ്ങള്‍ ഏറ്റുവാങ്ങി വിവിധയിടങ്ങളിലായി പുതുജീവതം കെട്ടിപ്പടുക്കുമ്പോഴും ദുരന്ത സ്മരണകള്‍ ഇവരെ വേട്ടയാടുകയാണ്.