ലിഥിയം അയോൺ ബാറ്ററികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നടപടി
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റവതരണം പൂർത്തിയായതോടെ രാജ്യത്ത് വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യമാണ് സാധാരണക്കാർ ഉറ്റുനോക്കുന്നത്. ജീവൻ രക്ഷാമരുന്നുകളെയും 38 മൂലധന ഉത്പന്നങ്ങളെയും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്.
36 ജീവൻ രക്ഷാമരുന്നുകളെയാണ് 2025- 2026 വര്‍ഷത്തെ ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിത്. ഒപ്പം ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനവും ലഭ്യതയെയും സഹായിക്കുന്നതിനായി ബജറ്റിൽ എഫ്എം പ്രഖ്യാപിച്ചിട്ടുണ്ട്. ഫലമായി മൊബൈൽ ബാറ്ററികൾക്ക് വിലക്കുറയും. ഇതോടെ മൊബൈൽ ഫോണുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക് വാഹനങ്ങൾക്കും വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. അയേൺ ബാറ്ററികളുടെ വിലയിലും ഇടിവുണ്ടാകും. ലിഥിയം അയോൺ ബാറ്ററികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണു പുതിയ നടപടി.
ഒൻപത് ഉത്പന്നങ്ങളെ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് ടിഡിഎസും ടിസിഎസും ബാധകമാക്കിയുള്ളതാണ് പുതിയ ബജറ്റ്.
രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കാണെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി പരിധിയിൽ വൻ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പുതിയ ഐടി ബിൽ അടുത്താഴ്ച. വാടകയ്ക്കുള്ള ടിഡിഎസ് പരിധി ആറ് ലക്ഷമാക്കി. പത്ത് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ടിഡിഎസ് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും. കൈത്തറി വസ്ത്രങ്ങൾക്കും ചെലവേറും. ഇൻ്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്‌പ്ലേയുടെ വില കൂടുന്നതിനാൽ ഫ്ലാറ്റ് സ്‌ക്രീൻ ടെലിവിഷനുകളുടെ വില വർധിച്ചേക്കും.