അടാല മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് പ്രാദേശിക സിവിൽ കോടതിയിലാണ് ഹർജി സമർപ്പിച്ചത്
യുപിയിലെ ജൗൻപൂരിലെ അടാല മസ്ജിദിനെതിരെ ഹർജി ഫയൽ ചെയ്ത് ഹിന്ദു സംഘടനായ സ്വരാജ് വാഹിനി അസോസിയേഷൻ. അടാല മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് പ്രാദേശിക സിവിൽ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഈ നീക്കത്തിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
ഉത്തർപ്രദേശിലെ ജൗൻപൂരിൽ സ്ഥിതി ചെയ്യുന്ന അടാല മസ്ജിദാണ് പുതിയ തർക്കഭൂമി. ഇത് യഥാർഥത്തിൽ അടാല ദേവി മന്ദിർ ആണെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടനായ സ്വരാജ് വാഹിനി അസോസിയേഷൻ പ്രതിനിധി സന്തോഷ് കുമാർ മിശ്രയാണ് ഹർജി ഫയൽ ചെയ്തത്. അടാല ഹിന്ദു ക്ഷേത്രമാണെന്നും ആരാധന കർമങ്ങൾ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയാൻ നിർബന്ധിത നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: ബാബറി മസ്ജിദ് തകര്‍ത്തതിനെ പിന്തുണച്ചു; മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിക്കാനൊരുങ്ങി എസ്പി
ഹിന്ദു സംഘടനയുടെ ഈ അപേക്ഷ ജൗൻപുർ സിവിൽ കോടതി സ്വികരിച്ചിട്ടുണ്ട്. തുടർന്ന് ഹർജി ഫയലിൽ സ്വീകരിച്ച കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരൻ്റെ വാദം നിലനിൽക്കുന്നതല്ലെന്നും, 14ആം നൂറ്റാണ്ട് മുതൽ മുസ്ലീങ്ങൾ പ്രാർഥന നടത്തി വരുന്ന പള്ളിയാണിതെന്നും കമ്മിറ്റി വാദിച്ചു. മാത്രമല്ല, ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട് ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് സുപ്രീം കോടതി രൂപീകരിക്കാനിരിക്കെയാണ് സിവിൽ കോടതി ഫയൽ സ്വീകരിച്ചത്. 2020 മുതൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക ബെഞ്ച് 12ന് വാദം കേൾക്കും.