അതൊക്കെ എസ്റ്റോണിയ. പുതുവർഷത്തിന്റെ തലേന്ന് പറ്റാവുന്ന അത്രയും ഭക്ഷണം കഴിക്കുന്നവരാണ് എസ്റ്റോണിയക്കാർ. ഏഴ് നേരം വരെയുള്ള ഭക്ഷണം കഴിപ്പും സമൃദ്ധി ലക്ഷ്യമിട്ടാണ് കേട്ടോ.
ന്യൂഇയർ എന്നാൽ ആഘോഷമാണ്. ഇനി 2025. ലോകം മുഴുവൻ ആഘോഷത്താൽ അലയടിക്കുന്ന പുതുവത്സരക്കാലം. ന്യൂഇയർ പാർട്ടികളുടെ കാലം.ഈ ആഘോഷങ്ങളിലും കൗതുകം ഉണർത്തുന്ന രസകരമായ ചിലതുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ ന്യൂ ഇയർ ആഘോഷങ്ങൾ ഏതൊക്കെയെന്നറിയാം.
കൊളംബിയ
ഡിസംബർ 31 ന് രാത്രി ക്ലോക്കിൽ 12 മണി അടിച്ചാൽ അങ്ങ് കൊളംബിയയിൽ ആളുകൾ പെട്ടിയുമെടുത്ത് ഇറങ്ങി ഓടും. പേടിച്ചിട്ട് ജീവനും കൊണ്ടോടുന്നതല്ല കേട്ടോ വരുന്ന വർഷം മുഴുവൻ യാത്രകൾ കൊണ്ട് സമ്പന്നമാകാമെന്ന പ്രതീക്ഷയുടെ പരക്കംപാച്ചിലാണത്.
സ്വിറ്റ്സർലൻ്റ്
കഴിയാവുന്നിടത്തോളം ഐസ്ക്രീമുകൾ വാങ്ങിക്കൂട്ടി അത് നിലത്ത് വിതറിയാണ് സ്വിറ്റ്സർലന്റുകാരുടെ ന്യൂ ഇയർ ആഘോഷം. ഈ ആചാരവും പുതുവർഷത്തെ സമൃദ്ധിക്കുവേണ്ടി തന്നെ.
എസ്റ്റോണിയ
അതൊക്കെ എസ്റ്റോണിയ. പുതുവർഷത്തിന്റെ തലേന്ന് പറ്റാവുന്ന അത്രയും ഭക്ഷണം കഴിക്കുന്നവരാണ് എസ്റ്റോണിയക്കാർ. ഏഴ് നേരം വരെയുള്ള ഭക്ഷണം കഴിപ്പും സമൃദ്ധി ലക്ഷ്യമിട്ടാണ് കേട്ടോ.
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ
ഇനിയാണ് ലാറ്റിനമേരിക്കയുടെ വൈറൈറ്റി ആചാരം. പുതുവർഷം കളറാകാൻ കടും നിറങ്ങളിലുള്ള അടിവസ്ത്രങ്ങൾ ധരിച്ചാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലിലേയും മെക്സിക്കോയിലെയും ആഘോഷങ്ങൾ. ഇതിനൊക്കെ ഭയങ്കര അർഥങ്ങളുണ്ട് കേട്ടോ. ചുമ്മാതല്ല. മഞ്ഞ നിറത്തിലുള്ള അടിവസ്ത്രമാണെങ്കിൽ സമൃദ്ധിയും വിജയവുമാണ് ആഗ്രഹിക്കുന്നത്. ചുവപ്പ് അടിവസ്ത്രം പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളയാണെങ്കിൽ സമാധാനവും സ്നേഹവും നിറഞ്ഞ വർഷത്തെയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നർത്ഥം. ആരോഗ്യമുള്ള വർഷമാണ് വേണ്ടതെങ്കിൽ പച്ച നിറത്തിലുള്ള അടിവസ്ത്രം ധരിച്ചാൽ മതി.
ഡെൻമാർക്ക്
വീടിൻ്റെ മുൻവശത്തെ വാതിലിൽ പുത്തൻ പ്ലേറ്റുകൾ എടുത്ത് എറിഞ്ഞ് പൊട്ടിക്കലാണ് ഡെന്മാർക്കിലെ ന്യൂ ഇയർ സ്പെഷ്യൽ പ്രോഗ്രാം. പ്ലേറ്റുകൾ പൊട്ടിച്ചിതറണം. എത്ര കഷണങ്ങളാകുന്നോ അത്രയും സുഹൃത്തുക്കളെ കിട്ടുമെന്നാണ് വിശ്വാസം. കസേരകളിൽ കയറിനിന്ന് കൃത്യം 12 മണിക്ക് ചാടുന്ന വിചിത്രമായ ആചാരവും ഇവിടെയുണ്ട്
ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിലാകട്ടെ പഴയ സാധനങ്ങൾ പ്രത്യേകിച്ചും ഫർണീച്ചറുകൾ ഒഴിവാക്കിയാണ് ആഘോഷം. ഡിസംബർ 31 ന് വൈകുന്നേരം ഓരോ വീട്ടുകാരും അവരുടെ പഴയ ഫർണിച്ചർ എടുത്ത് ജനലിലൂടെ പുറത്തേയ്ക്ക് കളയും. പുതിയ വർഷം പുതിയ തുടക്കം എന്ന ഉദ്ദേശത്തിലാണ് ഈ ശുദ്ധികലശം.
സ്പെയിൻ
സ്പെയിനിലെ ജനങ്ങൾ പക്ഷെ ഹെൽത്ത് കോൺഷ്യസാണ്. കുറച്ചു മുന്തിരി മതിയാകും അവരുടെ പുതുവത്സരാഘോഷത്തിന്. ഡിസംബർ 31ന് രാത്രി 12 മണിക്ക് പന്ത്രണ്ട് മുന്തിരികൾ കഴിക്കുന്നതോടെ അവിടെ ന്യൂഇയർ കളറായി.ക്ലോക്കിൽ പന്ത്രണ്ട് മണികൾ മുഴങ്ങുമ്പോൾ ഓരോ മണിയിലും ഓരോ മുന്തിരി അകത്താക്കുകയാണ് പതിവ്. ഓരോ മുന്തിരിയും ഓരോ മാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. അങ്ങനെ മന്ത്രണ്ട് മാസവും നല്ലതുമാത്രം വരാനാഗ്രഹിച്ചാണ് ഈ മുന്തരി തീറ്റ.
ജപ്പാൻ
ജപ്പാനിൽ പുതുവർഷം മണിയടിയാണ് കേട്ടോ. അതും ഒന്നും രണ്ടുമല്ല 108 മണികൾ ഒരുമിച്ച് മുഴക്കും. ഈ മണിയടിയിൽ പുതിയ വർഷം വരാനിരിക്കുന്ന 108 കഷ്ടതകൾ ഇല്ലാതാകുമെന്നാണ് വിശ്വാസം.
റഷ്യ
പുതുവർഷ തലേന്ന് രാത്രി തങ്ങളുടെ ആഗ്രഹങ്ങൾ കടലാസുകളിൽ എഴുതി ആ കടലാസ് കത്തിച്ച് ചാരം ഷാംപെയിനിൽ കലക്കി കുടിച്ചാൽ ആ ആഗ്രഹം സഫലമാകുമെന്നാണ് റഷ്യയിലെ സങ്കൽപ്പം.
ബ്രസീൽ
പുതുവർഷത്തിന് വെളുത്ത വസ്ത്രം ധരിക്കുന്നത് ദുഷ്ട ശക്തികലെ അകറ്റുമെന്ന വിശ്വാസത്തിലാണ് ബ്രസീലുകാർ. പുതുവത്സര രാത്രിയിൽ ഏഴ് ആഗ്രഹങ്ങള്‍ മനസില്‍ വിചാരിച്ച് ഏഴ് തിരകള്‍ ചാടിക്കടക്കുന്ന ആചാരവും ഇവിടെയുണ്ട്.
ചിലി
ഷൂവിനുള്ളിൽ കോയിൻ വെച്ചാണ് ചിലിയിൽ പുതുവർഷം ആഘോഷിക്കുന്നത്. പുതുവർഷത്തിൽ ഓരോ ചുവടിലും പണം ലഭിക്കുമെന്നാണ് വിശ്വാസം.ധൈര്യശാലികളെന്ന് അറിയിക്കാന്‍ ചിലര്‍ പുതുവർഷരാവില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളിൽ ചെന്ന് കിടന്നുറങ്ങുകയും ചെയ്യും
ഇക്വഡോർ
പുതുവർഷത്തെ ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുന്ന രാജ്യമാണ് ഇക്വഡോർ. കഴിഞ്ഞവർഷത്തെ നെഗറ്റീവ് എനർജി കത്തിച്ചുകളയുക എന്നാണ് വിശദീകരണം.
ഗ്രീസ്
ഗ്രീസിലെ ജനങ്ങള്‍ വീടിന്റെ വാതിലുകളില്‍ ഉള്ളി തൂക്കിയിടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നാട്ടിലെ കുട്ടികള്‍ക്കെല്ലാം ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ ?